ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെ ഹോസ്റ്റല്‍ അടിച്ചു തകര്‍ത്ത് വിദ്യാര്‍ത്ഥികള്‍ ; പിഴ അടപ്പിക്കും
അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടിക്കിടെ ഹോസ്റ്റലില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.
മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ദേവി അഹല്യ വിശ്വവിദ്യയുടെ ഇന്‍സ്റ്റിറ്റഅയൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജി ഹോസ്റ്റലില്‍ നടന്ന ഫെയര്‍വെല്‍ ആഘോഷം വന്‍ വിവാദമായി മാറി. അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടിക്കിടെ ഹോസ്റ്റലില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.
മെയ് 16 രാത്രി ഐഇടിയിലെ രാമാനുജന്‍ ബോയ്സ് ഹോസ്റ്റല്‍-ബിയിലായിരുന്നു സംഭവം. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ വിദ്യാര്‍ഥികള്‍ പാട്ടിനൊത്ത് നൃത്തം ചെയ്യുന്നതും പിന്നാലെ കസേരകള്‍, മേശകള്‍, ജനല്‍ച്ചില്ലുകള്‍, സിസിടിവി ക്യാമറകള്‍, വാട്ടര്‍ ടാങ്കുകള്‍ തുടങ്ങിയവ തകര്‍ക്കുന്നതും കാണാം. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം മദ്യപാനത്തിനുശേഷമാണ് ആഘോഷം നിയന്ത്രണം വിട്ടതെന്ന് കോളജ് അധികൃതര്‍ സംശയിക്കുന്നു.
സംഭവത്തില്‍ ഇതുവരെ 18 വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു. മുഴുവന്‍ പ്രതികളെയും കണ്ടെത്തിയതിന് ശേഷം നോട്ടീസ് നല്‍കുമെന്നും, കുറ്റക്കാരായ വിദ്യാര്‍ഥികളുടെ അവസാന പരീക്ഷകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും അറിയിച്ചു. ഓരോരുത്തരില്‍ നിന്നും 25,000 വീതം പിഴ ഈടാക്കാനും, ഫലം തടഞ്ഞുവയ്ക്കാനും, ക്യാമ്പസ് പ്ലേസ്‌മെന്റുകള്‍ റദ്ദാക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കൂട്ടമായി മാപ്പ് പറയുന്ന വീഡിയോയും പുറത്തുവന്നു. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടെങ്കിലും അന്വേഷണം തുടരുമെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും സര്‍വകലാശാല ഭരണകൂടം വ്യക്തമാക്കി. ഡിവിഷണല്‍ കമ്മീഷണറും സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
.jpg)

