സ്‌കൂട്ടറില്‍ പോയ വിദ്യാര്‍ഥികളെ തടഞ്ഞ് ആക്രമണം; 'ഒറ്റപ്പെട്ട സംഭവമെന്ന പരാമര്‍ശവുമായി ബിഹാര്‍ മന്ത്രി, വിവാദം

bihar

സംഘത്തിന്റെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി ശക്തമാക്കിയത്.

ബിഹാറിലെ ജമുയിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തില്‍ രാഷ്ട്രീയ വിവാദം. സെപ്റ്റംബര്‍ 19ന് കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. സംഘത്തിന്റെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി ശക്തമാക്കിയത്.

സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ പേരുടെ പങ്ക് പൊലീസ് പരിശോധിച്ചുവരികയാണ്. പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

സംഭവം രാജ്യവ്യാപകമായി ചര്‍ച്ചയായതിനിടെയാണ് ബിഹാര്‍ മന്ത്രി ശ്രാവണ്‍ കുമാറിന്റെ 'ഒറ്റപ്പെട്ട സംഭവങ്ങള്‍ സംഭവിക്കാറുണ്ട്' എന്ന പ്രതികരണം വിവാദമായത്. ജെഡിയു സംസ്ഥാന അധ്യക്ഷന്‍ ഉമേഷ് കുശ്വാഹയും സംഭവത്തെ 'ഒറ്റപ്പെട്ട' സംഭവമായി വിശേഷിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രതിപക്ഷം ഇതിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വീണ്ടും പങ്കുവയ്ക്കരുതെന്നും പ്രായപൂര്‍ത്തിയാകാത്ത ഇരകളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തിലുള്ള ഉള്ളടക്കം പ്രചരിപ്പിക്കുന്നത് നിയമനടപടിക്ക് ഇടയാക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി

Tags