രണ്ടാഴ്ച പിന്നിട്ട് ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി പ്രക്ഷോഭം; സമരക്കാരുമായി സംസാരിച്ച് രാഹുല്‍ ഗാന്ധി
സമരക്കാരുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംസാരിച്ചു. സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് 11 അംഗ സമിതിയെ സമരക്കാര്‍ നിയോഗിച്ചു
ജാര്‍ഖണ്ഡില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു. ജെ പി എസ് സി, ജെ എസ് എസ് സി നിയമന പരീക്ഷകളിലെ ക്രമക്കേടുകള്‍ ആരോപിച്ച് വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും നടത്തുന്ന സമരം 14ആം ദിവസവും തുടരുകയാണ്. ഇതിനിടെ സമരക്കാരുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംസാരിച്ചു. സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് 11 അംഗ സമിതിയെ സമരക്കാര്‍ നിയോഗിച്ചു
റാഞ്ചിയിലെ ജയ്പാല്‍ സിംഗ് മുണ്ട സ്റ്റേഡിയത്തിലെ ജെ പി എസ് സി - ജെ എസ് എസ് സി റിഫോം മാര്‍ച്ചിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം രണ്ട് ആഴ്ച്ച പിന്നിടുകയാണ്. 14-ാം ജെ പി എസ് സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ റദ്ദാക്കുക, പരീക്ഷാ ക്രമക്കേടുകളില്‍ സ്വതന്ത്ര അന്വേഷണം നടത്തുക, ജെ പി എസ് സി - ജെ എസ് എസ് സി സംവിധാനങ്ങളില്‍ സമഗ്ര പരിഷ്‌കരണം നടപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 11 അംഗ പ്രതിനിധി സംഘവും രൂപീകരിച്ചത്. എട്ട് വിദ്യാര്‍ഥി പ്രതിനിധികള്‍, ഒരു അഭിഭാഷകന്‍, രണ്ട് സാങ്കേതിക വിദഗ്ധര്‍ എന്നിവരാണ് സംഘത്തിലുള്ളത്. ചര്‍ച്ചകള്‍ മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ നടത്തണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
അതേസമയം വിഷയം ദേശീയ തലത്തില്‍ ഇന്ത്യ സഖ്യത്തിന് നേരെ ബിജെപി ആയുധമാക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയും വിദ്യാര്‍ഥി പ്രതിനിധികളുമായി ഫോണില്‍ സംസാരിച്ചു. പരീക്ഷാ സംവിധാനത്തില്‍ പരിഷ്‌കരണം കൊണ്ടുവരണം എന്നതടക്കം ആവശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു. വിഷയത്തില്‍ ഇടപെടുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയതായി വിദ്യാര്‍ഥി നേതാക്കള്‍ പറഞ്ഞു.
.jpg)

