അടിയന്തര ഗർഭനിരോധന ഗുളികകളുടെ വിപണനത്തിനും ഉപയോഗത്തിനും കർശന നിയന്ത്രണങ്ങൾ വരുന്നു
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനുശേഷം ഉപയോഗിക്കുന്ന അടിയന്തര ഗർഭനിരോധന ഗുളികകളുടെ വിപണനത്തിനും ഉപയോഗത്തിനും കർശന നിയന്ത്രണങ്ങൾ വരുന്നു. ‘ലെവനോർജെസ്ട്രൽ’ അടങ്ങിയ മരുന്നുകളുടെ കവറിലും പെട്ടിക്ക് പുറത്തും വ്യക്തമായ ആരോഗ്യ മുന്നറിയിപ്പുകൾ ഉൾപ്പെടുത്താനാണ് തീരുമാനം. കേന്ദ്ര ഔഷധ മന്ത്രാലയത്തിന് കീഴിലുള്ള ഡ്രഗ്‌സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയും ഡ്രഗ്‌സ് ടെക്‌നിക്കൽ അഡ്വൈസറി ബോർഡും നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
ഈ ഗുളികകൾ എച്ച്.ഐ.വി ഉൾപ്പെടെയുള്ള ലൈംഗിക രോഗങ്ങൾക്കെതിരെ യാതൊരു സംരക്ഷണവും നൽകുന്നില്ലെന്നതാണ് പാക്കറ്റിന് പുറത്ത് നൽകേണ്ട പ്രധാന മുന്നറിയിപ്പ്. കൂടാതെ, ഒരു മാസത്തിൽ രണ്ടുതവണയിൽ കൂടുതൽ ഈ മരുന്ന് ഉപയോഗിക്കരുതെന്നും സ്ഥിരമായ മറ്റ് ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ടാകും. വിൽപനയിൽ കൂടുതൽ നിയന്ത്രണങ്ങളുള്ള ‘കെ-ഷെഡ്യൂൾ’ വിഭാഗത്തിലേക്ക് ഈ മരുന്നിനെ മാറ്റാനും ശുപാർശയുണ്ട്.
ഗർഭധാരണ സാധ്യത ഒഴിവാക്കാൻ സാധാരണയായി ലൈംഗിക ബന്ധത്തിന് ശേഷം 72 മണിക്കൂറിനുള്ളിലാണ് ഈ ഗുളിക ഉപയോഗിക്കുന്നത്. എന്നാൽ ഇതിന് നൂറു ശതമാനം ഫലപ്രാപ്തി ഉറപ്പില്ലെന്നും പാർശ്വഫലങ്ങൾക്ക് സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മരുന്നിന്റെ അമിത ഉപയോഗം തടയാനും കൃത്യമായ അവബോധം നൽകാനുമാണ് പുതിയ പരിഷ്കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
.jpg)


