ഡ്യൂട്ടി സമയത്ത് റീൽസ് നിർമിച്ചാൽ കർശന നടപടി: റെയിൽവേ ജീവനക്കാർക്ക് നോർത്ത് സെൻട്രൽ റെയിൽവേയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: ജോലി സമയത്ത് സോഷ്യൽ മീഡിയ റീലുകളും മറ്റ് ഉള്ളടക്കങ്ങളും നിർമിക്കുന്ന ജീവനക്കാർക്കെതിരേ കർശന മുന്നറിയിപ്പുമായി നോർത്ത് സെൻട്രൽ റെയിൽവേ. ഇത്തരം പ്രവർത്തനങ്ങൾ ട്രെയിൻ ഓപ്പറേഷന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അനധികൃതമായ സൈഡ് ബിസിനസിന് തുല്യമാണെന്നും റെയിൽവേ വ്യക്തമാക്കി. പ്രയാഗ്‌രാജ്, ഝാൻസി, ആഗ്ര ഡിവിഷനുകളിലെയും വർക്ക്‌ഷോപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥർക്ക് നവംബർ 17ന് അയച്ച കത്തിലാണ് റെയിൽവേ നിലപാട് വ്യക്തമാക്കിയത്. ഡ്യൂട്ടിക്കിടെ ചില ജീവനക്കാർ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ റീലുകൾ നിർമിച്ച് പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് ട്രെയിൻ സർവീസുകളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
സോഷ്യൽ മീഡിയ ഉള്ളടക്ക നിർമാണത്തിലൂടെ ചില ജീവനക്കാർ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും ഇത് റെയിൽവേ സർവീസസ് ചട്ടത്തിന്റെ ലംഘനമാണെന്നും റെയിൽവേ ചൂണ്ടിക്കാട്ടി. ഡ്യൂട്ടി സമയത്തെ ഇത്തരം പ്രവർത്തനങ്ങൾ ഗുരുതരമായ ശ്രദ്ധവ്യതിചലനത്തിന് കാരണമാകുമെന്നും ട്രെയിൻ ഓപ്പറേഷന്റെ സുരക്ഷ അപകടത്തിലാക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവർക്കും ഡ്യൂട്ടി സമയത്ത് സോഷ്യൽ മീഡിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുമെതിരേ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അറിയിച്ചു. ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡിവിഷൻ അധികൃതർ മുൻകരുതൽ നിർദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടു.
റെയിൽവേ പരിസരങ്ങളിലോ ഉപകരണങ്ങളിലോ ഔദ്യോഗിക അനുമതിയില്ലാതെയും നിശ്ചിത ഫീസ് അടയ്ക്കാതെയും വാണിജ്യ നേട്ടത്തിനായി ചിത്രീകരണം നടത്തുന്നത് നിരോധിച്ചിട്ടുണ്ടെന്നും റെയിൽവേ വ്യക്തമാക്കി. സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി വാണിജ്യ നേട്ടം ലഭിക്കുന്നതായി കണ്ടെത്തിയാൽ നിശ്ചിത ഫീസ് അടയ്ക്കണം; അല്ലാത്തപക്ഷം പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
.jpg)

