ഡൽഹിയിൽ തെരുവ് കച്ചവടക്കാരനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

kottayam-crime

 ന്യൂഡൽഹി : തെക്കൻ ഡൽഹിയിലെ എയിംസ് മെട്രോ സ്റ്റേഷന് സമീപം തെരുവ് കച്ചവടക്കാരനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ബീഹാറിലെ നവാഡയിലെ മായ് സ്വദേശി മനോജ് സിങ് (49) ആണ് കൊല്ലപ്പെട്ടത്. 20 വർഷമായി സഫ്ദർജംഗ് ആശുപത്രിയുടെ പുറത്ത് വസ്ത്രങ്ങൾ വിറ്റാണ് മനോജ് ജീവിച്ചിരുന്നത്. പ്രതി തൈമൂർ നഗർ സ്വദേശി ലോകേഷിനെ യാത്രക്കാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.

ജൂലൈ 23ന് രാത്രി അരബിന്ദോ മാർഗിലെ എയിംസ് മെട്രോ സ്റ്റേഷന്റെ മൂന്നാം നമ്പർ ഗേറ്റിന് സമീപമാണ് സംഭവം. പരിക്കേറ്റ മനോജിനെ പൊലീസ് സ്ഥലത്തെത്തി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. ഹൗസ് ഖാസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിൽ ഉണ്ടായ ചെറിയ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ.

രാത്രി 11 മണിയോടെയാണ് സംഭവം അറിയുന്നതെന്നും 10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മനോജിനോട് ലോകേഷ് തട്ടിക്കയറുകയായിരുന്നുവെന്നും ലോകേഷിനെ ഒഴിവാക്കി മുന്നോട്ട് പോകാൻ ശ്രമിച്ച മനോജിനെ പിന്തുടർന്ന് ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും മകൻ ആരോപിച്ചു.

Tags