'താരങ്ങളെ സൃഷ്ടിക്കുന്നത് യുവാക്കളാണ്, എന്തും പറയുന്നതിന് മുന്‍പ് ചിന്തിക്കണം': കങ്കണയ്ക്കെതിരെ സോനു സൂദ്

kangana

അവര്‍ കൂടെ ഉളളിടത്തോളം കാലം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുമെന്നും ആ പിന്തുണ ഇല്ലാതായാല്‍ കാര്യങ്ങള്‍ ദുഷ്‌കരമാകുമെന്നും സോനു സൂദ് പറഞ്ഞു.

നടിയും ബിജെപി എംപിയുമായ കങ്കണാ റണാവത്തിന്റെ ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിനെതിരായ പരാമര്‍ശങ്ങള്‍ക്കെതിരെ നടന്‍ സോനു സൂദ്. യുവാക്കളാണ് താരങ്ങളെ സൃഷ്ടിക്കുന്നത് എന്നും അവരെ ബഹുമാനിക്കണം എന്നുമാണ് സോനു സൂദ് പറഞ്ഞത്. അവര്‍ കൂടെ ഉളളിടത്തോളം കാലം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുമെന്നും ആ പിന്തുണ ഇല്ലാതായാല്‍ കാര്യങ്ങള്‍ ദുഷ്‌കരമാകുമെന്നും സോനു സൂദ് പറഞ്ഞു. യുവാക്കള്‍ക്കെതിരായ കങ്കണയുടെ പരാമര്‍ശം ലജ്ജാകരമാണെന്നും അവര്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും സോനു പറഞ്ഞു. എന്തും സംസാരിക്കുന്നതിന് മുന്‍പ് ചിന്തിക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സോനു വിഷയത്തില്‍ പ്രതികരിച്ചത്.

'കങ്കണയുടെ പ്രസ്താവന പൂര്‍ണമായും ഞാന്‍ കേട്ടിട്ടില്ല. എന്നാല്‍ താരങ്ങളെ സൃഷ്ടിക്കുന്നത് യുവാക്കളാണ്. അവരാണ് നിങ്ങളെ ഈ നിലയിലെത്താന്‍ സഹായിക്കുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ നിങ്ങള്‍ക്കൊപ്പം ഉളളിടത്തോളം കാലം നിങ്ങള്‍ അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കും. അവര്‍ കൂടെയില്ലെങ്കില്‍ കാര്യങ്ങള്‍ ദുഷ്‌കരമാകും. അതുകൊണ്ട് അവരെ കൂടെക്കൂട്ടാതെ മുന്നോട്ടുപോകാനാവില്ല. യുവാക്കളെ ഗട്ടര്‍ ജനറേഷന്‍ എന്ന് വിളിച്ചത് അനുചിതമാണ്. ലജ്ജാകരമാണ്. അവര്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. എന്തും സംസാരിക്കുന്നതിന് മുന്‍പ് ചിന്തിക്കുക എന്നത് വളരെ പ്രധാനമാണ്. കാരണം പൊതുജനം ദൈവത്തിന്റെ മറ്റൊരു രൂപമാണ്': സോനു സൂദ് പറഞ്ഞു.

പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച യുവാക്കള്‍ക്കെതിരെ ഇന്‍സ്റ്റഗ്രാമിലൂടെ രൂക്ഷ പ്രതികരണമാണ് കങ്കണ റണാവത്ത് നടത്തിയത്. ജന്തര്‍ മന്തറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നടന്ന സിജെപിയുടെ പ്രതിഷേധത്തില്‍ ഉപയോഗിച്ച ഭാഷ അറപ്പുളവാക്കുന്നതും സംസ്‌കാരശൂന്യവുമാണെന്നും അവരുടെ റീലുകള്‍ കണ്ട് ഛര്‍ദിക്കാന്‍ തോന്നിയെന്നുമാണ് കങ്കണാ റണാവത്ത് പറഞ്ഞത്.

Tags