വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാന്‍ നോക്കിയ ശ്രീലങ്കന്‍ പൗരന്‍ അറസ്റ്റില്‍

വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്ക് പോവാന്‍ നോക്കിയ ശ്രീലങ്കന്‍ പൗരന്‍ അറസ്റ്റില്‍. ശാന്തിരന്‍ പ്രഗഷ് രാജ് എന്നയാളാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്നും ബെഹറിനിലേക്ക് പോകുന്ന ഗള്‍ഫ് എയര്‍ ജി.എഫ് 63 നമ്പര്‍ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍.
എമിഗ്രേഷന്‍ പരിശോധനക്കായി കൗണ്ടറിലെത്തി പാസ്‌പോര്‍ട്ട് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇത് വ്യാജമാണന്ന് കണ്ടെത്തത്തിയത്. തുടര്‍ന്ന് ഇയാളുടെ എമിഗ്രേഷന്‍ നടപടികള്‍ തടഞ്ഞ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് വിധേയമാക്കി. 2031വരെ കാലാവധിയുള്ള ശ്രീലങ്കന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ വിസിറ്റിംഗ് വിസയില്‍ ചെന്നൈയില്‍ എത്തിയിരുന്നു.
പിന്നീട് ശ്രീലങ്കയിലേക്ക് മടങ്ങി പോകാതെ തമിഴ്‌നാട്ടില്‍ തങ്ങുകയും അവിടെ നിന്ന് ഇന്ത്യന്‍ വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് ബാംഗ്ലൂരില്‍ നിന്നു വിമാനത്തില്‍ ആഭ്യന്തര യാത്രക്കാരനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തുകയായിരുന്നു. ഇവിടെ നിന്നും ഗള്‍ഫ് എയര്‍ വിമാനത്തില്‍ കയറി ബഹ്‌റിനിലെത്തി അവിടെ നിന്നും ഫ്രാന്‍സിലേക്ക് കടക്കാനുള്ള ശ്രമമായിരുന്നെന്ന് ഇയാള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.