ഭീതി പരത്തി അണ്ണാന്റെ ആക്രമണം ; ഉദയ്പൂർ സർവകലാശാലയിൽ ഡീൻ ഉൾപ്പെടെ ഇരുപതോളം പേർക്ക് കടിയേറ്റു

Squirrel attack spreads fear; Around 20 people, including the dean, bitten at Udaipur University

 രാജസ്ഥാനിലെ മോഹൻലാൽ സുഖാദിയ സർവകലാശാലാ കാമ്പസിൽ ഭീതി പരത്തി അണ്ണാന്റെ ആക്രമണം. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ സർവകലാശാലാ ഡീൻ ഉൾപ്പെടെ ഇരുപതോളം പേരെയാണ് ഒരു അണ്ണാൻ കടിച്ച് പരിക്കേൽപ്പിച്ചത്. സർവകലാശാലയിലെ ആർട്‌സ് കോളേജ്, സൈക്കോളജി ഡിപ്പാർട്ട്‌മെന്റ് പരിസരങ്ങളിലാണ് അണ്ണാൻ അക്രമാസക്തനായി വിലസുന്നത്.

മരങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന അണ്ണാൻ, വഴിയിലൂടെ പോകുന്നവരുടെ മേൽ പെട്ടെന്ന് ചാടിവീണ് കടിച്ച ശേഷം മിന്നൽ വേഗത്തിൽ രക്ഷപ്പെടുകയാണ് പതിവ്. ഉദയ്പൂർ ഡിവിഷനിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായ ഇവിടെ വിദ്യാർത്ഥികളും അധ്യാപകരും ഇപ്പോൾ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന അവസ്ഥയാണ്. സൈക്കോളജി ഡിപ്പാർട്ട്‌മെന്റിലേക്കുള്ള പ്രധാന പാതയിലാണ് ആക്രമണം കടുക്കുന്നത് എന്നതിനാൽ, പലരും ക്ലാസുകളിൽ എത്താൻ മറ്റു വഴികൾ തേടുകയാണ്.

അണ്ണാന്റെ അസ്വാഭാവിക സ്വഭാവം ജീവനക്കാരെയും വിദ്യാർത്ഥികളെയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട്. ആക്രമണം പതിവായതോടെ രണ്ട് തവണ ആനിമൽ എയ്ഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. സാധാരണഗതിയിൽ ശാന്തസ്വഭാവക്കാരായ അണ്ണാൻമാർ ഇത്തരത്തിൽ മനുഷ്യരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് കാമ്പസിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Tags