പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് നാളെ തുടക്കം

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നാളെ തുടങ്ങാനിരിക്കെ സര്‍വ്വകക്ഷി യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. ഞായറാഴ്ച വൈകുന്നേരം 4.30ന് പാര്‍ലമെന്റ് ലൈബ്രറി ഹാളിലാണ് യോഗം വിളിച്ചിരിക്കുന്നത്.
പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ടകള്‍ സര്‍ക്കാര്‍ വ്യക്തമാക്കാത്തതിരുന്നത് നേരത്തെ വിവാദമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കക്ഷിനേതാക്കളുടെ യോഗം വിളിച്ചിരിക്കുന്നത്. പ്രത്യേക സമ്മേളനം സുഗമമാക്കി കൊണ്ടു പോകുന്നതിന് എല്ലാ കക്ഷികളുടെയും സഹകരണം യോഗത്തില്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചേക്കും. യോഗത്തില്‍ കൂടുതല്‍ സമ്മേളന അജണ്ടകള്‍ സര്‍ക്കാര്‍ വ്യക്തമാക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍.
സെപ്തംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പ്രത്യക സമ്മേളനത്തിന്റെ കാര്യപരിപാടികള്‍ പുറത്ത് വന്നിട്ടുണ്ട്. വിവാദബില്ലുകളോ വിവാദ വിഷയങ്ങളോ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നാലുബില്ലുകളാണ് നിലവിലെ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി നിയമനിര്‍മ്മാണ സഭയുടെ 75വര്‍ഷത്തെ യാത്ര എന്ന വിഷയത്തില്‍ ചര്‍ച്ചയുണ്ടാകും. പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍ ബില്‍, അഭിഭാഷക ബില്‍ പോസ്റ്റ് ഓഫീസ് ബില്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സംബന്ധിച്ച നിയമനിര്‍മ്മാണം തുടങ്ങിയവയാണ് നിലവില്‍ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ പാസാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.