ജമ്മു കശ്മീരിൽ പട്രോളിങ്ങിൽ ഏർപ്പെട്ടിരുന്ന രണ്ട് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ കാണാതായി

army

 ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സൈന്യത്തിനൊപ്പം പട്രോളിങ്ങിൽ ഏർപ്പെട്ടിരുന്ന രണ്ട് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ കാണാതായി. 17 രാഷ്ട്രീയ റൈഫിൾസിനൊപ്പം മർവാർ മേഖലയിൽ പട്രോളിങ് നടത്തുന്നതിനിടെ ഇന്നലെ (നവംബർ 11) ഉച്ചയോടെയാണ് സംഭവം. ബസാന മേഖലയിലെ താൽക്കാലിക ക്യാമ്പിലേക്ക് പോകുന്നതിനിടെയാണ് ഇരുവരെയും കാണാതായതെന്നാണ് വിവരം.

ദച്ചൻ സ്വദേശികളായ യഷ്പാൽ കുമാർ (പാൽ കുമാർ), ബബി ചന്ദ് എന്നിവരാണ് കാണാതായ ഉദ്യോഗസ്ഥർ. ആയുധങ്ങളോടെയാണ് ഇരുവരെയും കാണാതായിരിക്കുന്നത്. കാണാതായതിന് തൊട്ടുപിന്നാലെ ഇവരുടെ മൊബൈൽ ഫോണുകളിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നെങ്കിലും പിന്നീട് ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായി. അതേസമയം, ഉദ്യോഗസ്ഥരെ കാണാതായ സമയത്ത് കിഷ്ത്വാർ, ദച്ചൻ മേഖലകളിൽ വെടിവെപ്പ് ശബ്ദം കേട്ടിരുന്നതായി പ്രദേശവാസികൾ വ്യക്തമാക്കുന്നു.

കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനായി സൈന്യവും സി.ആർ.പി.എഫും പോലീസും സംയുക്തമായി ശക്തമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രാത്രി വൈകിയും തുടർന്ന തിരച്ചിൽ ഇന്ന് (നവംബർ 12) രാവിലെയോടെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഭീകരസംഘടനയായ ഹിസ്ബുൽ മുജാഹിദീന്റെ ശക്തമായ സാന്നിധ്യമുണ്ടായിരുന്ന മേഖലയാണ് കിഷ്ത്വാർ.

Tags