ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുന്‍പേ സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നതായി ദില്ലി പൊലീസ്

Delhi court seeks report from police on plea against Sonia Gandhi alleging inclusion of name in voter list before citizenship

അന്വേഷണത്തോട് സോണിയ ഗാന്ധി സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിനായി കൂടുതല്‍ സമയവും തേടി.

പൗരത്വം നേടുന്നതിന് മുന്‍പേ സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നതായി ദില്ലി പൊലീസിന്റെ റിപ്പോര്‍ട്ട്. 1983 ഏപ്രില്‍ 30-നാണ് സോണിയ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചതെങ്കിലും 1980 മുതല്‍ സോണിയ ഗാന്ധിയുടെ പേര് ദില്ലിയിലെ വോട്ടര്‍പട്ടികയിലുണ്ടെന്നാണ് ദില്ലി പൊലീസ് റോസ് അവന്യൂ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സോണിയ ഗാന്ധി സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിനായി കൂടുതല്‍ സമയവും തേടി.

ദില്ലി ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയാണ് സോണിയ ഗാന്ധിക്കെതിരായ പരാതിയില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 1980, 1981, 1982, 1983 എന്നീ വര്‍ഷങ്ങളിലെ വോട്ടര്‍ പട്ടികയില്‍ സോണിയ ഗാന്ധിയുടെ പേരുണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. 1983 ഏപ്രില്‍ 30-നാണ് സോണിയ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. അതുവരെ സോണിയ ഗാന്ധി ഇറ്റാലിയന്‍ പൗരയായിരുന്നുവെന്ന് ജില്ലാ മജിസ്‌ട്രേറ്റില്‍നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്നും ലഭിച്ച വിവരങ്ങളില്‍ സ്ഥിരീകരിക്കുന്നുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, സോണിയ ഗാന്ധിക്കെതിരായ പരാതി തങ്ങളുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും അതിനാല്‍ തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറിയതായും ഐപി എസ്റ്റേറ്റ് എസ്എച്ച്ഒ കോടതിയെ അറിയിച്ചു. എന്നാല്‍, ഏത് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പരാതി മറ്റൊരു സ്റ്റേഷനിലേക്ക് മാറ്റിയതെന്ന് കോടതി ചോദിച്ചു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസിന് കൂടുതല്‍ സമയം അനുവദിച്ച കോടതി, തുഗ്ലക് റോഡ് എസ്എച്ച്ഒയോട് ഹാജരാകാനും ആവശ്യപ്പെട്ടു. ഹര്‍ജി ഇനി ഡിസംബര്‍ 14-ന് വീണ്ടും പരിഗണിക്കും.

ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുന്‍പേ സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതായി ആരോപിച്ച് അഭിഭാഷകനായ വികാസ് ത്രിപാഠിയാണ് പരാതി നല്‍കിയിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തണമെന്നും വ്യാജരേഖ ചമച്ചതിനടക്കം കേസെടുക്കണമെന്നും അദ്ദേഹം കോടതിയില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. 

Tags