സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം 14ാം ദിവസത്തിലേക്ക്
ന്യൂഡൽഹി: കോക്രോച് ജനതാ പാർട്ടി ജന്തർ മന്തറിൽ തുടരുന്ന പ്രക്ഷോഭത്തിൻറെ ഭാഗമായി പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം 13 ദിവസം പിന്നിട്ടിരിക്കെ, ഭരണഘടനാപരമായ അവകാശം നിഷേധിച്ച് തന്നെ സമരവേദിയിൽ നിന്ന് മാറ്റാനുള്ള ശ്രമത്തിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. തൻറെ നിരാഹാരത്തിന് സ്ഥിരത കൈവന്നെന്ന് പറഞ്ഞ അദ്ദേഹം തുടക്കത്തിൽ ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും ശരീരം ഇപ്പോൾ നിരാഹാരവുമായി പൊരുത്തപ്പെട്ടെന്നും അൽപം ക്ഷീണമുണ്ടെന്നല്ലാതെ പ്രശ്നങ്ങളൊന്നും ഇല്ലെന്നും കൂട്ടിച്ചേർത്തു.
ആവർത്തിക്കുന്ന പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജി വെക്കണമെന്ന ആവശ്യവുമായി സി.ജെ.പി ആരംഭിച്ച സമരം 21 ദിവസം പിന്നിട്ടു. ആരോഗ്യസ്ഥിതി കൂടുതൽ മോശമായാൽ അധികൃതർ ഇടപെടാനുള്ള സാധ്യതയുണ്ടോ എന്ന് ചോദിച്ചപ്പോഴാണ്, അധികാരികൾ ഇടപെടേണ്ട കാര്യമില്ലെന്നും താൻ സ്വമേധയാ തുടങ്ങിയ സമരമാണെന്നും വാങ്ചുക്ക് പ്രതികരിച്ചു. ജീവന് ഭീഷണിയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
നീക്കം ചെയ്യാൻ ശ്രമിച്ചാൽ അത് തൻറെ അവകാശ നിഷേധമായിരിക്കും. സമാധാനപരമായാണ് പ്രതിഷേധിക്കുന്നത്. നമ്മുടെ ജനാധിപത്യത്തിൻറെ അവസ്ഥ രാജ്യം മാത്രമല്ല ലോകമാകെ വീക്ഷിക്കുകയാണ്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും അത് മാനിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ ക്രമക്കേടുകളുടെ പ്രയാസങ്ങൾ നേരിട്ട വിദ്യാർഥികൾക്കു വേണ്ടിയും ലഡാക്കിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയുമാണ് തൻറെ സമരമെന്ന് അദ്ദേഹം വിശദമാക്കി.
.jpg)

