വൈറലായ സൈനികന്റെ വിവാഹ അഭ്യര്‍ത്ഥന ; നടപടി നേരിട്ടേക്കും
ഹെലികോപ്റ്ററിന് മുന്നില്‍ വെച്ച് പ്രണയാഭ്യര്‍ത്ഥന നടത്തിയ കരസേനാ ഉദ്യോഗസ്ഥന്‍ കടുത്ത അച്ചടക്ക നടപടി നേരിടാന്‍ പോകുന്നതായി റിപ്പോര്‍ട്ട്
മഹാരാഷ്ട്രയിലെ നാസിക് കോംബാറ്റ് ആര്‍മി ഏവിയേഷന്‍ ട്രെയിനിംഗ് സ്‌കൂളില്‍ നടന്ന ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം പ്രതിശ്രുത വധുവിനോട് ഹെലികോപ്റ്ററിന് മുന്നില്‍ വെച്ച് പ്രണയാഭ്യര്‍ത്ഥന നടത്തിയ കരസേനാ ഉദ്യോഗസ്ഥന്‍ കടുത്ത അച്ചടക്ക നടപടി നേരിടാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. സൈനിക പൈലറ്റായുള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ക്യാപ്റ്റന്‍ ഭരത് ഭരദ്വാജിനാണ് സൈനിക ചട്ടങ്ങളുടെയും മര്യാദകളുടെയും ലംഘനം ചൂണ്ടിക്കാട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ അധികൃതര്‍ ആലോചിക്കുന്നത്.
ട്രെയിനി പൈലറ്റുമാരുടെ കഠിനമായ പരിശീലനം പൂര്‍ത്തിയായതിന്റെ ഭാഗമായി നടന്ന പാസിംഗ് ഔട്ട് പരേഡിനും കോണ്‍വൊക്കേഷന്‍ ചടങ്ങിനും തൊട്ടുപിന്നാലെയായിരുന്നു നാടകീയമായ ഈ രംഗങ്ങള്‍ അരങ്ങേറിയത്. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നോക്കിനില്‍ക്കെ ഭരത് ഭരദ്വാജ് തന്റെ പ്രതിശ്രുത വധു ആരുഷിയെ വേദിയില്‍ നിര്‍ത്തിയിട്ടിരുന്ന സൈനിക ഹെലികോപ്റ്ററിന് അടുത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം മുട്ടുകുത്തി നിന്ന് മോതിരം സമ്മാനിച്ച് പ്രണയം തുറന്നുപറയുകയും ആരുഷി അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. വികാരനിര്‍ഭരമായ ഈ നിമിഷങ്ങള്‍ അവിടെയുണ്ടായിരുന്ന മറ്റുള്ളവര്‍ കയ്യടികളോടെയാണ് വരവേറ്റത്.
ഈ പ്രണയാഭ്യര്‍ത്ഥനയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ അതിവേഗം വൈറലാവുകയും വ്യക്തിജീവിതത്തിലെ സന്തോഷവും ഔദ്യോഗിക നേട്ടവും ഒത്തുചേര്‍ന്ന അപൂര്‍വ്വ നിമിഷമെന്ന് പറഞ്ഞ് നിരവധി ആളുകള്‍ ഇതിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഔദ്യോഗികമായ ഒരു സൈനിക ചടങ്ങ് നടക്കുന്ന വേദിയിലും അവിടുത്തെ സുരക്ഷാ ഉപകരണങ്ങള്‍ക്ക് മുന്നിലും വെച്ച് ഇത്തരമൊരു വ്യക്തിപരമായ ആഘോഷം നടത്തിയത് കടുത്ത അച്ചടക്കലംഘനമായാണ് സൈനിക അധികൃതര്‍ വിലയിരുത്തുന്നത്.
.jpg)

