സോജില ചുരത്തിൽ ശക്തമായ ഹിമപാതം : പത്തുമാസം പ്രായമുള്ള കുഞ്ഞടക്കം അഞ്ച് മരണം
കാർഗിൽ: ലഡാക്കിനെയും കശ്മീരിനെയും ബന്ധിപ്പിക്കുന്ന സോജില ചുരത്തിൽ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഹിമപാതത്തിൽ അഞ്ച് മരണം. ഏഴു പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ പത്തുമാസം പ്രായമുള്ള കുഞ്ഞും രണ്ട് സ്ത്രീകളും ഒരു മുതിർന്ന പൗരനും ഉൾപ്പെടുന്നു. മുഹമ്മദ് അലി (72), മുഹമ്മദ് യൂസഫ് (38), തൈബ ബാനു (36), ഷഹർ ബാനു (32), ആസാദുള്ള (10 മാസം) എന്നിവരാണ് മരണപ്പെട്ടത്. മരിച്ചവർ കാർഗിൽ സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,528 മീറ്റർ (11,575 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, ശ്രീനഗറിനെയും ലേഹിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഹിമാലയൻ ചുരമാണ് സോജില. കശ്മീർ താഴ്‌വരയിലെ സോൻമാർഗിൽ നിന്നും കാർഗിലിലേക്ക് വരികയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. നിരവധി വാഹനങ്ങൾ ഇപ്പോഴും മഞ്ഞിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ദുരന്തനിവാരണ സേനയും ബോർഡർ റോഡ്‌സ് ഓർഗനൈസേഷനും (BRO) ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
സംഭവത്തിൽ ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കാർഗിൽ ഡെപ്യൂട്ടി കമ്മീഷണർക്കും എസ്.എസ്.പിക്കും ഗവർണർ നിർദേശം നൽകിയിട്ടുണ്ട്.
ലഡാക്കിന്റെ ജീവരേഖയായ ഈ പാതയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത് സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചയാണെന്ന് ലഡാക്ക് എം.പി മുഹമ്മദ് ഹനീഫ പറഞ്ഞു. ഹിമപാത സാധ്യത കുറവുള്ള പുലർച്ചെ സമയങ്ങളിൽ മാത്രം വാഹന ഗതാഗതം ക്രമീകരിക്കുന്ന രീതിയിൽ ശാസ്ത്രീയമായ ട്രാഫിക് ഷെഡ്യൂൾ നടപ്പിലാക്കണമെന്നും ലഡാക്കിന് എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡ് സംവിധാനം അടിയന്തരമായി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാധാരണയായി ഡിസംബർമുതൽ ഏപ്രിൽവരെ സോജില ചുരം അടച്ചിടാറാണ് പതിവ്. കനത്ത മഞ്ഞുവീഴ്ച കാരണം ചുരത്തിലെ ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്. സെപ്റ്റംബർ ഒഴികെ മിക്ക മാസങ്ങളിലും ഇതുവഴിയുള്ള യാത്ര തികച്ചും ദുഷ്‍കരമാണ്. ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് (ബി.ആർ.ഒ) ചുരത്തിലെ ചുമതലക്കാർ. കഴിഞ്ഞ മാസവും മഞ്ഞുകാരണം ഇടക്കിടെ ഇവിടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. വിനോദസഞ്ചാരികൾക്ക് പുറമെ, ചരക്കുകളുമായി ട്രക്കുകളും നിരന്തരം ഇതുവഴി സഞ്ചരിക്കാറുണ്ട്. പരിചയസമ്പന്നരായ ഡ്രൈവർമാർക്ക് മാത്രമേ ഈ വഴി വണ്ടി ഓടിക്കാനാകൂ.
താഴ്വരയിലെ ടാക്സി ഡ്രൈവർമാരാണ് വിനോദ സഞ്ചാരികളെ ചുരത്തിലേക്ക് എത്തിക്കുന്നത്. മഞ്ഞുവീഴ്ച ആസ്വദിക്കാനാണ് സഞ്ചാരികൾ കൂടുതലുമെത്തുന്നത്. 2022 മേയ് 26ന് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് കശ്മീരികൾ ഇവിടെ മരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ യാത്രക്കാരായ സഹോദരിമാരും അപകടത്തിൽ മരിച്ചിരുന്നു.
.jpg)


