ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി പീഢിപ്പിക്കപ്പെട്ടെന്ന സമൂഹമാധ്യമ പ്രചാരണം ; പഞ്ചാബ് ലൗലി സര്‍വകലാശാല ക്യാമ്പസില്‍ വീണ്ടും സംഘര്‍ഷം

strike

സമൂഹമാധ്യമ സന്ദേശങ്ങള്‍ വ്യാജമെന്ന് പോലീസ് അറിയിച്ചു.

ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി പീഢിപ്പിക്കപ്പെട്ടെന്ന സമൂഹമാധ്യമ പ്രചാരണത്തിന് പിന്നാലെ പഞ്ചാബ് ലൗലി സര്‍വകലാശാല ക്യാമ്പസില്‍ വീണ്ടും സംഘര്‍ഷം. പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് വാഹനങ്ങള്‍ സംഘര്‍ഷത്തില്‍ തകര്‍ത്തു. നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് വിവരം. പിന്നാലെ വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. സര്‍വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ അവിടെ ജോലിക്കെത്തിയ ഇലക്ട്രീഷ്യന്‍ പീഡിപ്പിച്ചു എന്നായിരുന്നു വ്യാജ പ്രചാരണം. സംഭവം പുറത്തു വരാതിരിക്കാന്‍ സര്‍വകലാശാല പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വീട്ടിലേക്ക് അയച്ചുവെന്നും, ആ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു എന്നും സന്ദേശങ്ങള്‍ പ്രചരിച്ചു. ശബ്ദസന്ദേശവും വ്യാപകമായി പ്രചരിച്ചതോടെ ക്യാമ്പസില്‍ പുലര്‍ച്ചെ മുതല്‍ വലിയ സംഘര്‍ഷമുണ്ടായി. പ്രധാന കെട്ടിടങ്ങളിലെ ജനചില്ലുകളും മറ്റും വിദ്യാര്‍ത്ഥികള്‍ അടിച്ച് തകര്‍ത്തു. കെട്ടിടങ്ങള്‍ക്കും വാഹങ്ങള്‍ക്കും തീ ഇട്ട് നശിപ്പിച്ചു. വലിയ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. നിലവില്‍ വീണ്ടും സംഘര്‍ഷാവസ്ഥയിലാണ് ക്യാമ്പസ്.

സമൂഹമാധ്യമ സന്ദേശങ്ങള്‍ വ്യാജമെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് സര്‍വകലാശാലയും വിശദീകരണവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. സമാധാനപരമായ അക്കാദമിക്ക് അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വം ചിലര്‍ ശ്രമിക്കുന്നു എന്നും , ഒരു വിദ്യാര്‍ത്ഥിക്ക് പോലും മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും സര്‍വകലാശാല പ്രസ്താവനയിലൂടെ അറിയിച്ചു

Tags