സോഷ്യൽ മീഡിയയിൽ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം ; അഞ്ചുമാസത്തിനിടെ വിലക്കിയത് 1.95 ലക്ഷം പോസ്റ്റുകൾ
ന്യൂഡൽഹി : സോഷ്യൽ മീഡിയയിൽ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ. അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്‌ഫോമുകൾക്ക് നൽകിയത് 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകളാണ്. ഓരോ മിനിറ്റിലും ഓരോ അക്കൗണ്ടോ പോസ്റ്റോ നീക്കം നീക്കം ചെയ്യാനാണ് കേന്ദ്രത്തിന്റെ നിർദേശം. ഏകദേശം 1275 ബ്ലോക്കിംഗ് ഓർഡറുകളാണ് ഒരു ദിവസം ഇവയ്ക്ക് ലഭിക്കുന്നത്.
ഏറ്റവും കൂടുതൽ നോട്ടീസ് ലഭിച്ചത് ഇൻസ്റ്റഗ്രാമിനാണ്. ഏകദേശം ഒരു ലക്ഷത്തോളം നോട്ടീസുകളാണ് ലഭിച്ചത്. ഫേസ്ബുക്കിന് 80,000വും യൂട്യൂബിന് 15,000വും ഓർഡറുകൾ ലഭിച്ചു. മാർച്ച് മുതൽ ജൂലൈ മാസം വരെയുള്ള കണക്കുകളാണിത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർമന്തറിൽ പ്രതിഷേധം ശക്തമായ സമയത്താണ് നോട്ടീസുകളിൽ വൻവർധനവ് ഉണ്ടായതെന്നാണ് വിവരം.
2024 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെ 19 ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കായി 2312 ബ്ലോക്കിംഗ് ഓർഡറുകൾ മാത്രമാണ് നൽകിയതെന്നിരിക്കെയാണ് നിലവിലെ കൂട്ടവിലക്ക്. ലഭിച്ച ഉത്തരവുകളിൽ പത്തിൽ ഒമ്പതെണ്ണം വീതം മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനുമാണ് ലഭിച്ചത്.
ഡീപ്ഫേക്കുകൾക്ക് പുറമെ വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന പോസ്റ്റുകൾ, സർക്കാരിന്റെ എഥനോൾ മിശ്രിത ഇന്ധന നയത്തോടുള്ള വിമർശനങ്ങൾ, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കപ്പെടുന്നതായി സോഷ്യൽ മീഡിയയിൽ ഉപയോക്താക്കൾ പങ്കുവെച്ച വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. തന്റെ ചില പോസ്റ്റുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കം ചെയ്യപ്പെട്ടതായി ആംആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളും അവകാശപ്പെട്ടിരുന്നു.
.jpg)

