കേന്ദ്ര സർക്കാറിന്റെ ഇ20 പദ്ധതിക്കെതിരെയും തനിക്കെതിരെയും നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ കുപ്രചാരണങ്ങൾ : നിതിൻ ഗഡ്കരി

Nitin Gadkari

 ന്യൂഡൽഹി : കേന്ദ്ര സർക്കാറിന്റെ എഥനോൾ മിശ്രിത ഇന്ധന (ഇ20) പദ്ധതിക്കെതിരെയും തനിക്കെതിരെയും നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ കുപ്രചാരണങ്ങളാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി. തെറ്റായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച് സർക്കാരിനെയും തന്നേയും ലക്ഷ്യമിടാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എഥനോൾ മിശ്രിത പെട്രോൾ, മെഥനോൾ, ഹൈഡ്രജൻ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള ബദൽ ഇന്ധന നയങ്ങളെ ശക്തമായി പ്രതിരോധിച്ച് മന്ത്രി രംഗത്തെത്തിയത്. രാജ്യത്തിന്റെ എണ്ണ ഇറക്കുമതിച്ചെലവ് കുറക്കാനും വായുമലിനീകരണം തടയാനും ബദൽ ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

എഥനോൾ ചേർത്ത ഇന്ധനം വാഹനങ്ങളുടെ എൻജിന് തകരാറുണ്ടാക്കുമെന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി. നിലവിൽ വിപണിയിലുള്ള ഇ10 അനുയോജ്യമായ എല്ലാ വാഹനങ്ങളിലും ഇ20 ഇന്ധനം സുരക്ഷിതമായി ഉപയോഗിക്കാം. ഇതുവരെ രാജ്യത്ത് എവിടെനിന്നും ഇത്തരമൊരു തകരാറിനെക്കുറിച്ച് പരാതി ഉയർന്നിട്ടില്ല. പ്രമുഖ നിർമാതാക്കളായ മാരുതി സുസുക്കി ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയതാണ്.

കൂടാതെ വാഹന നിർമാതാക്കൾ കൃത്യമായ ഗ്യാരന്റിയും നൽകുന്നുണ്ട്. ഇന്ധനം ഉപയോഗിച്ച് വാഹനങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെങ്കിൽ മന്ത്രാലയത്തെ നേരിട്ട് എഴുതി അറിയിക്കാൻ ആവശ്യപ്പെട്ടിട്ടും ഇതുവരെ ഒരൊറ്റ പരാതി പോലും ലഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിപുലമായ പരിശോധനകൾക്ക് ശേഷമാണ് ഇ20 ഇന്ധനം വിപണിയിലിറക്കിയത്. മൈലേജിന്റെ കാര്യത്തിൽ നഗരങ്ങളിലെ സാധാരണ ഗതാഗതത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. എന്നാൽ ഡൽഹി-മുംബൈ എക്സ്പ്രസ് വേ പോലുള്ള പാതകളിൽ ഉയർന്ന വേഗതയിൽ ഓടിക്കുമ്പോൾ മൈലേജിൽ നേരിയ കുറവുണ്ടായേക്കാം. പെട്രോളുമായി താരതമ്യം ചെയ്യുമ്പോൾ എഥനോളിന് കലോറി മൂല്യം കുറവായതിനാലാണ് ഈ ചെറിയ വ്യത്യാസമെന്നും അദ്ദേഹം വിശദീകരിച്ചു.

എഥനോൾ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിൽ വ്യക്തിപരമായ താൽപര്യങ്ങളുണ്ടെന്ന ആരോപണങ്ങളെയും മന്ത്രി പൂർണമായി തള്ളിപ്പറഞ്ഞു. എഥനോൾ മിശ്രിത പദ്ധതി പെട്ടെന്നുണ്ടായ ഒന്നല്ലെന്നും വാജ്‌പേയി സർക്കാരിന്റെ കാലത്ത് ആരംഭിച്ചതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

2005ലെ യു.പി.എ സർക്കാരിന്റെ കാലത്ത് അന്നത്തെ പെട്രോളിയം മന്ത്രി മണിശങ്കർ അയ്യരും പാർലമെന്റിൽ ഈ നയത്തെ പിന്തുണച്ചിരുന്നു. തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പഞ്ചസാര മിൽ എഥനോൾ ചർച്ചകൾ തുടങ്ങുന്നതിനും പതിറ്റാണ്ടുകൾക്ക് മുൻപേ ഉള്ളതാണെന്നും അത് തന്റെ മക്കളാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ മൊത്തം എഥനോൾ വിപണിയിൽ വെറും 0.5 ശതമാനത്തിൽ താഴെ പങ്കാളിത്തം മാത്രമാണ് തന്റെ മക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കുള്ളത്. ഈ കമ്പനികൾക്ക് നിലവിൽ 1,600 കോടി രൂപയുടെ കടബാധ്യതയുണ്ടെന്നതാണ് വസ്തുത. എഥനോളിന്റെ വില നിശ്ചയിക്കുന്നത് കാബിനറ്റും, സംഭരണം നടത്തുന്നത് പെട്രോളിയം മന്ത്രാലയവുമാണ്. ഇതിൽ തനിക്ക് യാതൊരു സ്വാധീനവുമില്ലെന്നും തനിക്കെതിരെ കള്ളപ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

കരിമ്പിൽ നിന്ന് മാത്രമല്ല, വിപണിയിൽ വിലയിടിവ് നേരിടുന്ന ചോളത്തിൽനിന്നും നെല്ലിൽ നിന്നും നിലവിൽ എഥനോൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് ബിഹാറിലെയും ഉത്തർപ്രദേശിലെയും ചോളം കർഷകർക്ക് വലിയ താങ്ങായി മാറി. ഹരിയാനയിലും പഞ്ചാബിലും കർഷകർക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്ന വൈക്കോൽ ഉപയോഗിച്ചാണ് പാനിപ്പത്തിൽ എഥനോൾ ഉത്പാദനം നടത്തുന്നത്.

അസമിൽ മുളയിൽനിന്നും എഥനോൾ നിർമിക്കുന്നു. ഡൽഹിയിലെ വായുമലിനീകരണത്തിന്റെ 40 ശതമാനവും വാഹനങ്ങൾ മൂലമാണ്. ഇതിന് ബദൽ ഇന്ധനങ്ങൾ പരിഹാരമാണ്. ബ്രസീൽ ദശാബ്ദങ്ങളായി എഥനോൾ ഉപയോഗിക്കുന്നുണ്ടെന്നും ഇന്തോനേഷ്യയും തായ്‌ലൻഡും ഈ പാതയിലാണെന്നും മന്ത്രി വ്യക്തമാക്കി.

പമ്പുകളിൽ പ്രത്യേകം ഇ10 ഇന്ധന വിതരണ സംവിധാനം ഒരുക്കാൻ കഴിയില്ലെന്നും ഗഡ്കരി വ്യക്തമാക്കി. രാജ്യം ഇതിനകം 20 ശതമാനം എഥനോൾ മിശ്രിത പ്രക്രിയ കൈവരിക്കുകയും ഇ20 രാജ്യവ്യാപകമായി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. എഥനോൾ ചേർത്ത ഇന്ധനം താല്പര്യമില്ലാത്തവർക്ക് 100 ശതമാനം ശുദ്ധമായ പെട്രോൾ ലഭ്യമാണെങ്കിലും അതിന് ഉയർന്ന വില നൽകേണ്ടിവരും.

പമ്പുകളിൽ ഒന്നിലധികം ഡിസ്പെൻസറുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കേണ്ടത് പെട്രോളിയം മന്ത്രാലയമാണ്. ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾക്കായി ചില പമ്പുകളിൽ 85 ശതമാനം എഥനോൾ അടങ്ങിയ ‘ഇ85’ ഇന്ധനം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നുണ്ടെന്നും ഇത്തരം വാഹനങ്ങൾ വിപണിയിലിറക്കാൻ പകുതിയോളം കമ്പനികൾ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags