വോട്ടർ പട്ടികയിലെ വീഴ്ചകൾക്കും തിരിമറികൾക്കുമെതിരെ ബംഗളൂരുവിൽ സി.ജെ.പിയുടെ ‘ചപ്പൽ പ്രതിഷേധം’; പ്രകാശ് രാജും പങ്കാളിയാകും
ബംഗളൂരു: വോട്ടർ പട്ടികയിലെ വീഴ്ചകൾക്കും തിരിമറികൾക്കുമെതിരെ ശക്തമായ പ്രക്ഷോഭവുമായി കോക്ക്റോച്ച് ജനതാ പാർട്ടി രംഗത്ത്. എസ്.ഐ.ആർ നടപടികൾക്കെതിരെ വ്യാഴാഴ്ച ബംഗളൂരു ഫ്രീഡം പാർക്കിൽ സംഘടിപ്പിക്കുന്ന ‘പീപ്പിൾസ് ട്രിബ്യൂണലിന്’ പിന്നാലെ ‘ചപ്പൽ പ്രതിഷേധം’ നടത്തുമെന്ന് സി.ജെ.പി സഹ കൺവീനർ അശുതോഷ് റാങ്ക അറിയിച്ചു. നടൻ പ്രകാശ് രാജും സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയും സമരത്തിൽ പങ്കാളിയാകും സി.ജെ.പി വക്താവ് സൗരവ് ദാസ് തുടങ്ങിയവരും വിവിധ യൂത്ത്, സിവിൽ സൊസൈറ്റി സംഘടനകളുടെ പ്രതിനിധികളും പ്രക്ഷോഭത്തിൽ അണിനിരക്കും.
കർണാടകയിലെ വിവിധ സിവിൽ സൊസൈറ്റി കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് എസ്.ഐ.ആർ നടപടികൾക്കെതിരെ പീപ്പിൾസ് ട്രിബ്യൂണൽ സംഘടിപ്പിക്കുന്നത്. അനധികൃതമായി വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട സാധാരണക്കാരുമായി നേതാക്കൾ വിവരങ്ങൾ പങ്കുവെക്കും. തുടർന്ന് അതിക്രമങ്ങൾക്കിരയായ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ചെരുപ്പ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ബംഗളൂരു നിവാസികൾ വൻതോതിൽ പരിപാടിയിൽ പങ്കാളികളാകണമെന്ന് അശുതോഷ് റാങ്ക സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചു.
ജനാധിപത്യ സംരക്ഷണത്തിനായുള്ള ഈ പോരാട്ടത്തിൽ പങ്കുചേരാൻ നടൻ പ്രകാശ് രാജും എക്സ് കുറപ്പിലൂടെ ആഹ്വാനം ചെയ്തു. എസ്.ഐ.ആർ പ്രക്രിയയുടെ ഭാഗമായി വോട്ടർപട്ടികയിൽ വരുത്തിയ എല്ലാ വെട്ടിമാറ്റലുകളും റദ്ദാക്കണമെന്നും, മുൻപത്തെ വോട്ടർപട്ടിക പുനഃസ്ഥാപിക്കണമെന്നുമാണ് സംഘടനകളുടെ പ്രധാന ആവശ്യം. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ ആരോപിച്ചുകൊണ്ട് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
.jpg)


