ബെംഗളൂരുവില്‍ തടാകത്തിന് സമീപം സ്ത്രീയുടേത് കരുതുന്ന അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി

police

കന്നുകാലികളെ മേയ്ക്കാന്‍ ഇറങ്ങിയവരാണ് തടാകത്തിന് സമീപം അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തിയത്.

ബെംഗളൂരുവില്‍ സ്ത്രീയുടേത് കരുതുന്ന അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി. സര്‍ജാപൂരിന് സമീപം മുഗളൂരുള്ള തടാകത്തിന് സമീപത്തുനിന്നാണ് തലയോട്ടി അടക്കമുള്ള അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തിയത്. കന്നുകാലികളെ മേയ്ക്കാന്‍ ഇറങ്ങിയവരാണ് തടാകത്തിന് സമീപം അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ വറ്റിയ തടാകത്തില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നുമായി ചിതറിയ നിലയില്‍ എല്ലുകളും കണ്ടെത്തി. തലയോട്ടി, താടിയെല്ല്, മേല്‍ അവയവ അസ്ഥികള്‍, കീറിയ സാരി, സ്ത്രീയുടെ ചെരുപ്പ് എന്നിവ പൊലീസ് കണ്ടെടുത്തു. താടിയെല്ല് തലയോട്ടില്‍നിന്ന് വേര്‍പെട്ട നിലയിലാണ്. മുന്‍നിരയിലെ അഞ്ച് പല്ലുകള്‍ കാണാനില്ല. അസ്ഥികൂട ഭാഗങ്ങള്‍ക്ക് കുറഞ്ഞത് മൂന്നുമാസത്തെ പഴക്കമുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

അസ്ഥികൂട ഭാഗങ്ങള്‍ മുന്‍പ് തടാകത്തില്‍ മുങ്ങിമരിച്ചയാളുടേതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വേനല്‍ക്കാലത്ത് ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് അവ പുറത്തുവന്നതാണെന്നും പൊലീസ് കരുതുന്നു. തടാകം വറ്റിയപ്പോള്‍ തെരുവുനായ്ക്കള്‍ അവ സമീപപ്രദേശങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവസ്ഥലത്തുനിന്ന് സാരി കഷ്ണം ലഭിച്ചതോടെ ആണ് അസ്ഥികൂടം സ്ത്രീയുടേതാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. അസ്ഥികൂടം 25നും 35നും ഇടയില്‍ പ്രായമുള്ള യുവതിയുടേതാകാമെന്നാണ് പൊലീസ് നിഗമനം.

Tags