കേരളത്തിലെ എസ്‌.ഐ.ആർ സമയപരിധി നീട്ടേണ്ട കാര്യമില്ല ; സുപ്രീംകോടതി

Digital arrest scams: Supreme Court expresses deep disappointment over even educated people falling victim

 ന്യൂഡൽഹി : കേരളത്തിലെ എസ്‌.ഐ.ആർ സമയപരിധി നീട്ടേണ്ട കാര്യമില്ലെന്നും വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതും പിഴവ് തിരുത്തുന്നതും തുടർപ്രക്രിയയായതിനാൽ പേര് നീക്കം ചെയ്യപ്പെട്ടവർക്ക് ഇനിയും പരാതി നൽകാമെന്നും സുപ്രീംകോടതി.

കേരളത്തിൽ വോട്ടവകാശത്തിന് അർഹരായിട്ടും അവസരം ലഭിക്കാത്ത വ്യക്തികളുണ്ടെങ്കിൽ അത് അധികൃതരുടെ ശ്രദ്ധയിൽപെടുത്താനും ഹരജി സമർപ്പിച്ച സി.പി.എം സംസ്ഥാന സെക്രട്ടറിയോട് ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

കേരളത്തിൽ എസ്.ഐ.ആറിനെത്തുടർന്ന് വോട്ടർ പട്ടികയിൽനിന്ന് പുറത്താക്കപ്പെട്ട 24 ലക്ഷം പേരിൽ പലർക്കും ഇനിയും അപേക്ഷ നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വേണ്ടി ഹാജരായ അഡ്വ. ജി. പ്രകാശ് ബോധിപ്പിച്ചു. ഇവർക്ക് പരാതി നൽകാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കുകയാണെന്നും അത് നീട്ടണമെന്നും പ്രകാശ് വാദിച്ചു. സംസ്ഥാന സർക്കാറിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ പി.എസ്. സുൽഫിക്കർ അലി ഈ വാദത്തെ എതിർത്തില്ല.

തുടർന്ന് എസ്.ഐ.ആറിലൂടെ പുറന്തള്ളപ്പെട്ടവരിൽ ഇനിയും അവസരം നൽകേണ്ടവരുണ്ടെങ്കിൽ അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും അവരുടെ ആവലാതികൾ പരിഗണിക്കാൻ നിർദേശിക്കാമെന്നും ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാനുള്ളതിനാൽ ഹരജി തീർപ്പാക്കാതെ വീണ്ടും പരിഗണിക്കാനായി മാറ്റിവെക്കുമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

പരാതികൾ തീരാത്തതിനാൽ കേരളത്തിലെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഹരജികൾ ഉടൻ തീർപ്പാക്കില്ലെന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ കോടതിയുടെ പരിഗണനയിൽ ഹരജിയുണ്ടാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Tags