മോഹൻ ഭാഗവതുമായി മുംബൈയിലെ പരിപാടിയിൽ വേദി പങ്കിടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളി ശശി തരൂർ
ന്യൂ ഡൽഹി: ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതുമായി മുംബൈയിലെ പരിപാടിയിൽ വേദി പങ്കിടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. 'ഇന്റർനാഷണൽ മൂവ്മെന്റ് ടു യൂനൈറ്റഡ് നേഷൻസ്' സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ രണ്ടുപേരും പങ്കെടുക്കുന്നുണ്ടെങ്കിലും ഒരേ വേദിയില്ലല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായതിനെ തുടർന്നാണ് ശശി തരൂർ എക്‌സിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്.
"ഇത് ആർ.എസ്.എസിന്റെ പരിപാടിയല്ല. എല്ലാ വിഭാഗം ചിന്തകന്മാരെയും വിദ്യാഭ്യാസ വിചക്ഷണരെയും ക്ഷണിക്കുന്ന ഒരു വിദ്യാർഥി കൂട്ടായ്മയാണിത്. അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ആഗസ്റ്റ് 7നും 8നും നടക്കുന്ന ഇവരുടെ ബോർഡ് യോഗത്തിലും പരിപാടികളിലുമാണ് ഞാൻ പങ്കെടുക്കുന്നത്. മോഹൻ ഭാഗവത് പങ്കെടുക്കുന്നത് ആഗസ്റ്റ് 6 നാണ്. അന്ന് പാർലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി ഡൽഹിയിലായിരിക്കും" എന്നാണ് തരൂർ എക്‌സിൽ വ്യക്തമാക്കിയത്.
കോൺഗ്രസ് പാർട്ടി ആർ.എസ്.എസിനെ ശക്തമായി എതിർക്കുന്ന പശ്ചാത്തലത്തിലും, ശശി തരൂർ പലപ്പോഴും പാർട്ടിയുടെ ഔദ്യോഗിക നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി സംസാരിച്ചിട്ടുള്ളതിനാലും ഇരുവരും വേദി പങ്കിടുമെന്ന വാർത്ത വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെയും മോഹൻ ഭാഗവതിന്റെ പങ്കാളിത്തത്തെ വിമർശിച്ച് കൊണ്ടും രംഗത്തെത്തിയിരുന്നു. മുൻപ് വിദ്യാർഥികളും യുവാക്കളും പ്രതിഷേധത്തിനിടെ പോലീസ് നടപടികൾ നേരിട്ടപ്പോൾ ഇല്ലാത്തവർ ഇപ്പോൾ അവരെ ഉപദേശിക്കാൻ എത്തുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
.jpg)

