മഹുവ മൊയ്ത്രയെ പിന്തുണച്ച് ശശി തരൂര്‍: 'സ്വാതന്ത്ര്യ ദിനത്തില്‍ ഇത്തരം ജനാധിപത്യവിരുദ്ധ നടപടി പാടില്ലായിരുന്നു

mahua

അവരെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനാണെന്നും താമസസ്ഥലത്ത് നിന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയല്ല വേണ്ടതെന്നും തരൂര്‍ വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവാ മൊയ്ത്രയെ നാദിയയിലെ സര്‍ക്കാര്‍ സര്‍ക്യൂട്ട് ഹൗസില്‍ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍ രംഗത്തെത്തി. മൊയ്ത്രയ്ക്കെതിരെ ജനക്കൂട്ടം പ്രതിഷേധവുമായി നില്‍ക്കുമ്പോള്‍ അവരെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനാണെന്നും താമസസ്ഥലത്ത് നിന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയല്ല വേണ്ടതെന്നും തരൂര്‍ വ്യക്തമാക്കി.


വെള്ളിയാഴ്ച രാത്രി പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിലുള്ള സര്‍ക്യൂട്ട് ഹൗസില്‍ താമസിക്കുമ്പോഴാണ് അടിയന്തരമായി മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തില്‍ നിന്ന് മൊയ്ത്രയ്ക്ക് നിര്‍ദ്ദേശം ലഭിച്ചത്. എന്നാല്‍ തനിക്ക് റൂം മുന്‍കൂട്ടി അനുവദിച്ചിരുന്നതാണെന്നും 'മുകളില്‍ നിന്നുള്ള ഉത്തരവ്' എന്ന് പറഞ്ഞാണ് രാത്രിയില്‍ ഒഴിയാന്‍ നിര്‍ബന്ധിച്ചതെന്നും മഹുവാ മൊയ്ത്ര ആരോപിച്ചു. സര്‍ക്യൂട്ട് ഹൗസിന് പുറത്ത് വന്‍ ജനക്കൂട്ടം തടിച്ചുകൂടി പ്രതിഷേധമുയര്‍ത്തിയതായും അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് തനിക്കുണ്ടായ പീഡനത്തിലും സുരക്ഷാവീഴ്ചയിലും ഇടപടണമെന്ന് ആവശ്യപ്പെട്ട് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് മഹുവാ മൊയ്ത്ര കത്തയച്ചു.

വനിതാ ജനപ്രതിനിധികളുടെ അന്തസ്സ് സംരക്ഷിക്കാന്‍ സ്പീക്കറുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട അവര്‍, വിഷയം കോടതിയിലേക്ക് കൊണ്ടുപോകുമെന്നും മുന്നറിയിപ്പ് നല്‍കി. ഈ സംഭവത്തില്‍ പ്രതികരിച്ച ശശി തരൂര്‍, അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ ഒരു വനിതാ ജനപ്രതിനിധിയെ വേട്ടയാടുമ്പോള്‍ എല്ലാ ജനാധിപത്യവാദികളും മൊയ്ത്രയ്‌ക്കൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തില്‍ തന്നെ ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags