മകളെ മുഖ്യമന്ത്രിയാക്കണമെന്ന് ശരദ് പവാർ; ബിജെപിയുമായി പിന്നണി ചർച്ചകൾ സജീവമെന്ന് റിപ്പോർട്ട്
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും അപ്രതീക്ഷിത നീക്കങ്ങൾക്ക് കളമൊരുങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എൻഡിഎ സഖ്യത്തെ പിന്തുണയ്ക്കുന്നതിനായി മകളും ലോക്സഭാ എംപിയുമായ സുപ്രിയ സുലെയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി പദം നൽകണമെന്ന് എൻസിപി (ശരദ് പവാർ വിഭാഗം) അധ്യക്ഷൻ ശരദ് പവാർ ആവശ്യപ്പെട്ടതായാണ് വിവരം. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ശരദ് പവാർ നേരിട്ട് പിന്നണി ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നേരത്തെ പാർലമെന്റിൽ പാസാക്കാൻ കഴിയാതെ പോയ മണ്ഡല പുനർനിർണ്ണയ ബില്ലും വനിതാ സംവരണ ബില്ലും പാസാക്കിയെടുക്കാൻ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. സഖ്യത്തിൽ ചേരുന്നതിനായി സുപ്രിയ സുലെയ്ക്ക് കേന്ദ്ര കാബിനറ്റ് പദവിയാണ് ബിജെപി വാഗ്ദാനം ചെയ്തിരുന്നതെങ്കിലും, മഹാരാഷ്ട്ര മുഖ്യമന്ത്രി പദം തന്നെ വേണമെന്നാണ് പവാറിന്റെ നിലപാടെന്ന് റിപ്പോർട്ടുകൾ പറയുന്നു. തൻ്റെ ആവശ്യം അംഗീകരിച്ചാൽ ചെറുപാർട്ടികളിൽ നിന്നുള്ള എംപിമാരുടെ വോട്ട് നേടാമെന്നും, നേതൃത്വത്തോട് അതൃപ്തിയുള്ള ചില കോൺഗ്രസ് എംപിമാർ വോട്ടെടുപ്പ് ദിവസം സഭയിൽ നിന്ന് വിട്ടുനിൽക്കുന്നതിനുള്ള നീക്കം നടത്താമെന്നും ശരദ് പവാർ വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്.
ഇതിനൊപ്പം എൻസിപിയുടെ ഇരു വിഭാഗങ്ങളെയും ഒരുമിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും സജീവമാണ്. എൻസിപി ദേശീയ അധ്യക്ഷയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാറിനെ സ്വാധീനിക്കാൻ ബിജെപി ശ്രമിച്ചെങ്കിലും അവർ ഇതുവരെ അനുകൂലമായ പ്രതികരണം നൽകിയിട്ടില്ല. ശരദ് പവാറുമായുള്ള സമവായ ചർച്ചകൾ വിജയിച്ചാൽ മഹാരാഷ്ട്ര സർക്കാരിലെ സുനേത്ര പവാറിന്റെ പദവികളിലും മാറ്റം വന്നേക്കാം. ഇരു എൻസിപി ഘടകങ്ങളുടെയും നേതൃത്വം ശരദ് പവാർ ഏറ്റെടുക്കണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. അതേസമയം, പിന്നണി ചർച്ചകൾ സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നുണ്ടെങ്കിലും ശരദ് പവാറോ ബിജെപി നേതൃത്വമോ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മണ്ഡല പുനർനിർണ്ണയ ബില്ലിനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് സുപ്രിയ സുലെ നേരത്തെ വ്യക്തമാക്കിയത്.
.jpg)

