ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; ഇന്ത്യന്‍ പ്രതിരോധ സേനയില്‍ മെഡിക്കല്‍ ഇതര വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ടു-സ്റ്റാര്‍ ഓഫീസര്‍

shakti sharma

. സെപ്റ്റംബര്‍ ഒന്നിന് എയര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ അസിസ്റ്റന്റ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് (എജ്യുക്കേഷന്‍) ആയി ശക്തി ശര്‍മ്മ ചുമതലയേറ്റു.

ഇന്ത്യന്‍ പ്രതിരോധ സേനയില്‍ ടു-സ്റ്റാര്‍ റാങ്കിലെത്തുന്ന മെഡിക്കല്‍ ഇതര വിഭാഗത്തിലെ ആദ്യ വനിതാ ഓഫീസറായി എയര്‍ വൈസ് മാര്‍ഷല്‍ ശക്തി ശര്‍മ്മ. സെപ്റ്റംബര്‍ ഒന്നിന് എയര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ അസിസ്റ്റന്റ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് (എജ്യുക്കേഷന്‍) ആയി ശക്തി ശര്‍മ്മ ചുമതലയേറ്റു.

1994 ജൂണ്‍ 18നാണ് ശക്തി ശര്‍മ്മ വ്യോമസേനയുടെ എജ്യുക്കേഷന്‍ ബ്രാഞ്ചില്‍ കമ്മീഷന്‍ ചെയ്യപ്പെട്ടത്. പരിശീലന സ്ഥാപനങ്ങള്‍, ഫീല്‍ഡ് സ്റ്റേഷനുകള്‍, കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, എയര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ശക്തി ശര്‍മ്മയ്ക്ക് വലിയ അനുഭവസമ്പത്തുണ്ട്.

ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇതൊരു ചരിത്ര മുഹൂര്‍ത്തമാണെന്ന് വ്യോമസേന എക്‌സിലൂടെ അറിയിച്ചു. ഇന്ത്യന്‍ പ്രതിരോധ സേനയിലെ വനിതാ ഓഫീസര്‍മാരുടെ യാത്രയിലെ ഒരു പുതിയ അധ്യായം കുറിക്കുന്ന സുപ്രധാന നേട്ടമാണിതെന്നും മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അവരുടെ സ്തുത്യര്‍ഹമായ സേവനം 'Touch the Sky with Glory' എന്ന ലക്ഷ്യത്തിലേക്ക് തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നുവെന്നും വ്യോമസേന വ്യക്തമാക്കി.
ഐഐടി കാണ്‍പൂരിലും പൂനെ യൂണിവേഴ്‌സിറ്റിയിലും ഐഎഎഫ് ചെയര്‍സ് ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുന്നതടക്കം പ്രധാന പദ്ധതികള്‍ക്ക് ശക്തി ശര്‍മ്മ നേതൃത്വം നല്‍കിയിട്ടുണ്ട്. അക്കാദമിക, പ്രതിരോധ തന്ത്രപരമായ സഹകരണം മെച്ചപ്പെടുത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം. കപൂര്‍ത്തല സൈനിക് സ്‌കൂളിലെ പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിച്ച്, ഒരു സൈനിക് സ്‌കൂളിന് നേതൃത്വം നല്‍കുന്ന ആദ്യ വനിതാ ഓഫീസര്‍ എന്ന നേട്ടവും ശക്തി ശര്‍മ്മ സ്വന്തമാക്കിയിട്ടുണ്ട്.

Tags