നൂഡിൽസ് കഴിച്ചതിനു പിന്നാലെ ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം; സഹോദരിക്ക് ശാരീരികാസ്വാസ്ഥ്യം
ജയ്പൂർ: വീട്ടിൽ തയ്യാറാക്കിയ നൂഡിൽസ് കഴിച്ചതിനു പിന്നാലെ ഏഴുവയസ്സുകാരി മരിച്ചു. രാജസ്ഥാനിലെ ജയ്പൂരിൽ മംഗളം സിറ്റിയിലാണ് ദാരുണമായ സംഭവം നടന്നത്. പിഹു കുമാവത് എന്ന കുട്ടിയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പിഹുവിനൊപ്പം നൂഡിൽസ് കഴിച്ച മൂത്ത സഹോദരി ദിവ്യാംശിയും ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.
വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് ദിവ്യാംശിയും പിഹുവും ചേർന്ന് സ്വന്തമായി നൂഡിൽസ് ഉണ്ടാക്കി കഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെ ക്ഷീണം തോന്നിയതോടെ ഇരുവരും കിടന്നുറങ്ങി. വൈകിട്ട് മൂന്ന് മണിയോടെ ജോലി കഴിഞ്ഞ് അമ്മ വീട്ടിലെത്തിയപ്പോഴാണ് മൂത്തമകൾ അവശനിലയിലിരിക്കുന്നതും, ഇളയ മകൾ പിഹു അബോധാവസ്ഥയിൽ കിടക്കുന്നതും കണ്ടത്.
ഉടൻതന്നെ ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധിച്ച ഡോക്ടർമാർ പിഹുവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന ദിവ്യാംശിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.കുട്ടിയുടെ യഥാർത്ഥ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു. കുടുംബത്തിന്റെ പരാതിയെത്തുടർന്ന് കേസെടുത്ത പോലീസ്, കുട്ടികൾ കഴിച്ച നൂഡിൽസിന്റെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.
.jpg)

