കെജ്‌രിവാളിന് തിരിച്ചടി; പ്രധാനമന്ത്രി മോദിയുടെ ബിരുദ കേസിൽ കെജ്‌രിവാളിന്‍റെ അപ്പീൽ തള്ളി ഗുജറാത്ത് ഹൈക്കോടതി, 25000 രൂപ പിഴ അടയ്ക്കണം

Setback for Kejriwal; Gujarat High Court rejects Kejriwal's appeal in PM Modi's graduation case, orders him to pay a fine of Rs 25,000

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ ബിരുദം പുറത്തുവിടാൻ ഗുജറാത്ത് സർവകലാശാലയോട് നിർദേശിച്ച കേന്ദ്ര വിവരാവകാശ കമ്മിഷൻ ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരേ ആം ആദ്മി പാർട്ടി (എഎപി) കൺവീനർ അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി.ചീഫ് ജസ്റ്റിസ് സുനിത അഗർവാൾ, ജസ്റ്റിസ് ഡി.എൻ. റേ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ബെഞ്ച് വിധി ശരിവച്ചത്. വിവരാവകാശ കമ്മിഷന്‍റെ 2016ലെ നിർദേശം റദ്ദാക്കിയതിലും കെജ്‌രിവാളിന് 25,000 രൂപ പിഴ ചുമത്തിയതിലും ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ കെജ്‌രിവാളിന്‍റെ ഭാഗത്ത് നിന്ന് ഇടപെടേണ്ട തരത്തിലുള്ള പിഴവൊന്നും കണ്ടെത്താനായില്ലെന്നും അതിനാൽ അപ്പീൽ തള്ളുന്നതായും ഹൈക്കോടതി ഉത്തരവിൽ അറിയിച്ചു.

2023 മാർച്ച് 31നാണ് സിംഗിൾ ബെഞ്ച് വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് റദ്ദാക്കിയത്. വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്തുവെന്ന് വിമർശിച്ച കോടതി കെജ്‌രിവാളിന് 25,000 രൂപ പിഴയും ചുമത്തിയിരുന്നു. വിഷയത്തിൽ കെജ്‌‌രിവാളിന്‍റെ സമീപനം ഗൗരവമില്ലാത്തതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.അപ്പീൽ പരിഗണിക്കവെ കെജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി പിഴ ചുമത്തിയതിനെ ചോദ്യം ചെയ്തു. പ്രധാനമന്ത്രിയുടെ ബിരുദം ആവശ്യപ്പെട്ട് കെജ്‌രിവാൾ നിരന്തരം ഇടപെട്ടിട്ടില്ലെന്നും സിംഗിൾ ബെഞ്ചിന്‍റെ നിരീക്ഷണം ശരിയല്ലെന്നും അദ്ദേഹം വാദിച്ചു.

വിവരാവകാശ കമ്മിഷൻ സ്വമേധയാ നടപടിയെടുക്കുകയായിരുന്നുവെന്നും ഔദ്യോഗിക അപേക്ഷയ്ക്ക് പകരം ഒരു കത്തിന്‍റെ അടിസ്ഥാനത്തിലാണ് കെജ്‌രിവാളിനെ കേസിൽ കക്ഷിയാക്കിയതെന്നും സിങ്‌വി വാദിച്ചു. അതേസമയം, പ്രധാനമന്ത്രിയുടെ ബിരുദം ഓൺലൈനിൽ നേരത്തെ തന്നെ ലഭ്യമായിരുന്നുവെന്ന് ഗുജറാത്ത് സർവകലാശാല സിംഗിൾ ബെഞ്ചിന് മുമ്പാകെ അറിയിച്ചിരുന്നു. എന്നാൽ റിവ്യൂ ഹർജിയിൽ കെജ്‌രിവാളിന്‍റെ അഭിഭാഷകർ ബിരുദം ഒരിക്കലും ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ഈ വാദം സിംഗിൾ ബെഞ്ച് തള്ളുകയായിരുന്നു.
 

Tags