ഇത് കേന്ദ്ര സർക്കാരിന്റെ കടുത്ത വീഴ്ച !! കേന്ദ്രീയ വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ ഇതുവരെ എത്തിയില്ല - വി ശിവൻകുട്ടി
തിരുവനന്തപുരം : കേന്ദ്രീയ വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള എട്ട്, ഒമ്പത് ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ഇതുവരെ എത്തിയില്ല എന്നത് കേന്ദ്ര സർക്കാരിന്റെ കടുത്ത വീഴ്ചയാണെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എട്ടാം ക്ലാസിലെ സോഷ്യൽ സ്റ്റഡീസ്, 9, പ്ലസ് വൺ ക്ലാസ്സുകളിലെ പുതുക്കിയ പാഠപുസ്തകങ്ങളാണ് ഇതുവരെ സ്കൂളുകളിലെത്താത്തത്. ഇത് കേന്ദ്ര സർക്കാരിന്റെ കടുത്ത വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. സ്‌കൂൾ അടക്കുന്നതിന് മുമ്പ് തന്നെ അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിദ്യാർഥികളുടെ കൈകളിൽ എത്തിച്ച കേരള സർക്കാരിനെ പരിഹസിക്കാൻ നടന്നവർക്കുള്ള തിരിച്ചടിയാണിത്.
എൻസിഇആർടിയുടെ പുതുക്കിയ പാഠപുസ്തകങ്ങൾ കൃത്യസമയത്ത് ലഭ്യമാക്കാൻ കേന്ദ്രത്തിന് സാധിക്കുന്നില്ല. കേന്ദ്ര സർക്കാർ നേരിട്ട് നടത്തുന്ന നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളിൽ പോലും പുസ്തകങ്ങൾ എത്തിക്കാൻ കഴിയാത്തവരാണ് കേരളത്തിന്റെ വികസനം പോരാ എന്ന് ആക്ഷേപിക്കുന്നത്. കുട്ടികൾക്ക് പാഠപുസ്തകങ്ങൾ സൗജന്യമായി ലഭിക്കുക എന്നത് അവരുടെ അവകാശമാണ്. പുസ്തക വിതരണത്തിലെ ഈ അനാവശ്യ കാലതാമസത്തിലൂടെ ആ അവകാശമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. കേന്ദ്രത്തിന്റെ ഈ മെല്ലെപ്പോക്ക് കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടപടികൾ കൈക്കൊള്ളണമെന്ന് ശക്തമായി ആവശ്യപ്പെടുന്നതായി മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. റോഡ് ഷോ ഒക്കെ കഴിയുമ്പോൾ പ്രധാനമന്ത്രി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച് പാഠപുസ്തകം എത്രയും പെട്ടെന്ന് വിദ്യാർഥികൾക്ക് എത്തിക്കാൻ പറയണം.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുള്ള ബോധപൂർവമായ നീക്കമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 2023 - 24, 2024 - 25 വർഷങ്ങളിൽ ആർടിഇ വ്യവസ്ഥ പ്രകാരം സൗജന്യ പാഠപുസ്തകം, യൂണിഫോം, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സഹായം എന്നിവയ്ക്കായി സംസ്ഥാനം ചെലവഴിച്ച തുകയിൽ കേന്ദ്ര വിഹിതമായി ലഭിക്കേണ്ടിയിരുന്ന 266 കോടി രൂപ അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ തുക നൽകുന്നതിന് പകരം 6.86 കോടി രൂപ മാത്രം അനുവദിച്ചുകൊണ്ട് അങ്ങേയറ്റം വിവേചനപരമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിച്ചാൽ കേന്ദ്രത്തിന്റെ അവഗണന വ്യക്തമാകും.
2023 - 24: ആകെ അംഗീകരിച്ച പദ്ധതി 702.72 കോടി രൂപയായിരുന്നു. ഇതിൽ കേന്ദ്ര വിഹിതമായി (60 ശതമാനം) ലഭിക്കേണ്ട 421.62 കോടി രൂപയ്ക്ക് പകരം 141. 6 കോടി രൂപ മാത്രമാണ് ലഭിച്ചത്. ബാക്കി 188.58 ലക്ഷം രൂപ ഇപ്പോഴും കുടിശികയാണ്. 2024 - 25: അംഗീകരിച്ച 855.90 കോടി രൂപയിൽ കേന്ദ്ര വിഹിതമായ 513.54 കോടി രൂപയിൽ ഒരു പൈസ പോലും ഇതുവരെ അനുവദിച്ചിട്ടില്ല. 2025 - 26: 446.1 കോടി രൂപ കേന്ദ്ര വിഹിതമായി ലഭിക്കാനുണ്ട്. ഇങ്ങനെ 2023 - 24 മുതൽ ആകെ 1158.13 ലക്ഷം രൂപയാണ് കേന്ദ്ര വിഹിതമായി കേരളത്തിന് ലഭിക്കാനുള്ളത്. സംസ്ഥാനത്തിന്റെ നിരന്തരമായ ആവശ്യപ്രകാരം മാർച്ച് 27ന് ചേർന്ന സപ്ലിമെന്ററി പിഎബി മീറ്റിങ്ങിൽ 129.31 ലക്ഷം രൂപ നൽകാമെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സമ്മതിച്ചതാണ്. എന്നാൽ മാർച്ച് 30ന് പുറത്തിറക്കിയ മിനിട്സിൽ ഇത് അട്ടിമറിക്കപ്പെട്ടു.
കേരളത്തിന് ലഭിക്കേണ്ട മുൻ വർഷങ്ങളിലെ കുടിശ്ശികയെല്ലാം പുതിയ ഫണ്ടിൽ തട്ടിക്കിഴിച്ച് ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഈ അനീതിക്കെതിരെ സംസ്ഥാന പൊതുവിദ്യാഭ്യാസ സെക്രട്ടറി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തു നൽകിയിട്ടുണ്ട്. പിഎബി മീറ്റിംഗിൽ നടന്ന ചർച്ചകളോ എടുത്ത തീരുമാനങ്ങളോ അല്ല മിനിട്സിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് സെക്രട്ടറി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
2024-25 വർഷത്തെ ചെലവുകൾ കേന്ദ്രം കണക്കിലെടുത്തിട്ടില്ല. എല്ലാ കണക്കുകളും കേന്ദ്രത്തിന്റെ പ്രബന്ധ് പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടും അത് പരിശോധിക്കാതെയാണ് ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. അതിനാൽ ഇപ്പോൾ പുറപ്പെടുവിച്ച മിനിട്സ് റദ്ദാക്കണമെന്നും കേരളവുമായി കൂടിയാലോചിച്ച് പുതിയ തീരുമാനമെടുക്കണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളം ബമ്പർ ലോട്ടറിക്ക് പോലും ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകുമ്പോഴാണ് ഒരു സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കേന്ദ്രം കേവലം ആറു കോടി രൂപ അനുവദിക്കുന്നത്. ഇത് കേരളത്തോടുള്ള അങ്ങേയറ്റത്തെ അനീതിയാണ്. ഭിന്നശേഷി കുട്ടികൾക്കും പട്ടിക ജാതി - പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും മറ്റ് പാർശ്വവൽകൃത വിഭാഗങ്ങളിൽപ്പെട്ട കുട്ടികൾക്കും കൂടി അവകാശപ്പെട്ട പണമാണിത്. ഈ വിവേചനത്തിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു.
.jpg)


