'പൊലീസ് ഉദ്യോഗസ്ഥന്‍ അശ്ലീല സന്ദേശം അയയ്ക്കുന്നു'; പരാതി നല്‍കി ' ലേഡി ഡോണ്‍ ' !
പൊലീസ് ഇന്‍സ്പെക്ടറായ പാപ്പണ്ണ നിരന്തരം ഫോണില്‍ സന്ദേശമയച്ച് ശല്യപ്പെടുത്തുകയാണെന്നാണ് ഇവരുടെ പരാതി.
പൊലീസ് ഉദ്യോഗസ്ഥന്‍ അശ്ലീല സന്ദേശമയയ്ക്കുന്നതായി ഗുണ്ടാ നേതാവായ സ്ത്രീയുടെ പരാതി. ബെംഗളൂരുവിലെ പൊലീസ് ഇന്‍സ്പെക്ടറായ പാപ്പണ്ണയ്ക്കെതിരെയാണ് കുപ്രസിദ്ധ ഗുണ്ടാ നേതാവായ യശസ്വിനി എന്ന യശസ്വിനി ഗൗഡ(47) പരാതി നല്‍കിയത്. യശസ്വിനിയുടെ പരാതിയില്‍ ജയനഗര്‍ എസിപി പ്രാഥമികാന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവില്‍ 'ലേഡി ഡോണ്‍' എന്നറിയപ്പെടുന്ന ക്രിമിനലാണ് യശസ്വിനി ഗൗഡ. പൊലീസ് ഇന്‍സ്പെക്ടറായ പാപ്പണ്ണ നിരന്തരം ഫോണില്‍ സന്ദേശമയച്ച് ശല്യപ്പെടുത്തുകയാണെന്നാണ് ഇവരുടെ പരാതി. അശ്ലീലച്ചുവയുള്ള സന്ദേശങ്ങളും പതിവാണെന്നും പരാതിയില്‍ പറയുന്നു. ഇതിനുപുറമേ ദിവസവും രാവിലെയും രാത്രിയും ഫോണില്‍ വിളിച്ച് ശല്യം ചെയ്യാറുണ്ടെന്നും വീട്ടിലേക്ക് വരാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞതായും പരാതിയിലുണ്ട്.
ഇന്‍സ്പെക്ടറായ പാപ്പണ്ണ 'പാപ്പു' എന്ന് വിളിക്കാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും 'ഐ ലവ് യൂ' എന്ന് സന്ദേശമയച്ചതായും ഇതിനൊപ്പം അശ്ലീലച്ചുവയോടെ സന്ദേശങ്ങള്‍ അയച്ചെന്നും യശസ്വിനി പരാതിയില്‍ പറയുന്നു. ഇന്‍സ്പെക്ടര്‍ പാപ്പണ്ണ തനിക്കെതിരേ നേരത്തേ ചില വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും യശസ്വിനി ഗൗഡ ആരോപിക്കുന്നുണ്ട്. ഇന്‍സ്പെക്ടര്‍ക്കെതിരേ നേരത്തേ പലതവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും യശസ്വിനി പറഞ്ഞു. ഇന്‍സ്പെക്ടര്‍ അയച്ച വിവിധ സന്ദേശങ്ങളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.
ബെംഗളൂരുവിലെ കുപ്രസിദ്ധ ക്രിമിനലാണ് യശസ്വിനി ഗൗഡ. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു തട്ടിക്കൊണ്ടുപോകല്‍ കേസിലാണ് യശസ്വിനി ഗൗഡ അവസാനം അറസ്റ്റിലായത്. ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഗുണ്ടാ ആക്ടും യശസ്വിനിക്കെതിരെ ചുമത്തിയിരുന്നു.
.jpg)


