കോളേജ് ടൂറില്‍ സെല്‍ഫിക്കും റീല്‍സിനും വിലക്ക്; കടുത്ത നിയന്ത്രണങ്ങളുമായി കര്‍ണാടക
വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ ഗവണ്‍മെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജുകള്‍ സംഘടിപ്പിക്കുന്ന പഠനയാത്രകളില്‍ വിദ്യാര്‍ഥികള്‍ സെല്‍ഫി എടുക്കുന്നതും റീല്‍സുകള്‍ ചിത്രീകരിക്കുന്നതും കര്‍ണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ് വിലക്കി. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പഠനയാത്രകളുടെ പരമാവധി ദൈര്‍ഘ്യം അഞ്ച് ദിവസമായി ക്ലിപ്തപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 11-നാണ് ഇത് സംബന്ധിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വകുപ്പ് പുറപ്പെടുവിച്ചത്. യാത്ര തിരിക്കുന്നതിന് മുന്‍പ് പ്രിന്‍സിപ്പല്‍മാര്‍ വിദ്യാര്‍ഥികള്‍ക്ക് ഈ നിയന്ത്രണങ്ങളെക്കുറിച്ച് കൃത്യമായ നിര്‍ദ്ദേശം നല്‍കണം. യാത്രയിലുടനീളം വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങള്‍ അധ്യാപകര്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നും കോളേജ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.
പഠനയാത്രകളുടെ പരമാവധി ദൈര്‍ഘ്യം അഞ്ച് ദിവസം.
വിദ്യാര്‍ഥികള്‍ സെല്‍ഫി എടുക്കാനോ റീല്‍സുകള്‍ ചിത്രീകരിക്കാനോ പാടില്ല.
കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലിഖിത രൂപത്തിലുള്ള മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ പഠനയാത്രകള്‍ സംഘടിപ്പിക്കാവൂ. അനുമതി ലഭിച്ച യാത്രാപ്ലാനില്‍ മാറ്റങ്ങള്‍ വരുത്താനോ നിശ്ചയിച്ച സ്ഥലങ്ങള്‍ അല്ലാതെ മറ്റ് കേന്ദ്രങ്ങളിലേക്ക് പോവാനോ പാടില്ല.
രക്ഷിതാക്കളുടെ സമ്മതപത്രവും വിദ്യാര്‍ഥികളുടെ സത്യവാങ്മൂലവും നിര്‍ബന്ധമാണ്.
മഴക്കാലത്ത് ഇത്തരത്തിലുള്ള പഠനയാത്രകള്‍ സംഘടിപ്പിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.
നദികള്‍, കടല്‍, വെള്ളച്ചാട്ടങ്ങള്‍, കാടുകള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകളില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ വേണം. ട്രെക്കിംഗ്, നീന്തല്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ സര്‍ട്ടിഫൈഡ് വിദഗ്ധരുടെ സാന്നിധ്യവും പ്രാദേശിക സുരക്ഷാ അനുമതികളും നിര്‍ബന്ധമാണ്.
പഠനയാത്രയുടെ പൂര്‍ണ്ണമായ വിവരങ്ങളും യാത്രാപ്ലാനും പ്രദേശത്തെ പോലീസ് സ്റ്റേഷനില്‍ നല്‍കിയിരിക്കണം.
ഗസ്റ്റ് അധ്യാപകരുടെ മാത്രം മേല്‍നോട്ടത്തില്‍ യാത്രകള്‍ സംഘടിപ്പിക്കാന്‍ പാടില്ല. കുറഞ്ഞത് ഒരു സ്ഥിരം അധ്യാപകനെങ്കിലും സംഘത്തില്‍ഉണ്ടാകണം.
യാത്രയില്‍ പങ്കെടുക്കുന്ന അധ്യാപകരുടെ എണ്ണം നാലായി ചുരുക്കി. ഇതില്‍ രണ്ട് വനിതാ അധ്യാപകരും ഒരു ഗ്രൂപ്പ് ഡി ജീവനക്കാരനും ഉള്‍പ്പെട്ടിരിക്കണം.
നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ചുമതല കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കും കൂടെപ്പോകുന്ന അധ്യാപകര്‍ക്കുമായിരിക്കും.
.jpg)

