സ്വയംപ്രഖ്യാപിത മാധ്യമപ്രവർത്തകർക്ക് അംഗീകൃത മാധ്യമപ്രവർത്തകരുടെ അതേ സംരക്ഷണം ലഭിക്കണമെന്നില്ല: സുപ്രീം കോടതി

Self-proclaimed journalists may not get the same protection as accredited journalists: Supreme Court

ന്യൂഡൽഹി: പ്രതിഷേധ പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വേളയിൽ സ്വയംപ്രഖ്യാപിത മാധ്യമപ്രവർത്തകർക്ക് അംഗീകൃത മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന അതേ തലത്തിലുള്ള സംരക്ഷണം ലഭിക്കണമെന്നില്ലെന്ന് സുപ്രീം കോടതി. ഡൽഹിയിലെ പ്രതിഷേധങ്ങൾക്കിടെ മാധ്യമപ്രവർത്തകർക്ക് നേരെ പൊലീസ് അതിക്രമമുണ്ടായെന്ന കേരള പത്രപ്രവർത്തക യൂണിയൻ (KUWJ), ഡൽഹി യൂണിയൻ ഓഫ് ജേണലിസ്റ്റ്സ് എന്നിവരുടെ ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മാധ്യമപ്രവർത്തകൻ എന്ന പദവി സ്വയം പ്രഖ്യാപിച്ച് നേടിയെടുക്കാവുന്ന ഒന്നല്ലെന്ന് കോടതി വ്യക്തമാക്കി. പ്രിന്റ് മീഡിയ, ടിവി ചാനലുകൾ, അല്ലെങ്കിൽ രജിസ്ട്രേഷനുള്ള ഓൺലൈൻ മാധ്യമങ്ങൾ എന്നിവയിലൂടെ പ്രസ് കൗൺസിൽ അക്രഡിറ്റേഷൻ ഉള്ളവരാണ് അംഗീകൃത മാധ്യമപ്രവർത്തകർ. എന്നാൽ നിലവിൽ സമൂഹമാധ്യമങ്ങളിൽ റീലുകൾ നിർമ്മിക്കുന്നവരുൾപ്പെടെ ഓരോ വ്യക്തികളും സ്വയം മാധ്യമപ്രവർത്തകരായി അവകാശപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി.

മാധ്യമസ്വാതന്ത്ര്യവും ക്രമസമാധാന പാലനവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആരെയാണ് മാധ്യമപ്രവർത്തകനായി കണക്കാക്കേണ്ടതെന്നും, പ്രതിഷേധ സ്ഥലങ്ങളിൽ മാധ്യമപ്രവർത്തകർക്ക് പൊലീസിൽ നിന്ന് പ്രത്യേക പരിരക്ഷയ്ക്ക് അർഹതയുണ്ടോ എന്നുമുള്ള ഭരണഘടനാപരമായ വിഷയങ്ങൾ പരിശോധിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഡൽഹിയിലെ പ്രതിഷേധത്തിനിടെ ഏഴ് മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് അതിക്രമമുണ്ടായെന്ന പരാതി വസ്തുതാന്വേഷണത്തിനായി കോടതി നിയോഗിച്ച സമിതിക്ക് വിട്ടുകൊണ്ട് ഹർജി തീർപ്പാക്കി.

Tags