മുന്നറിയിപ്പില്ലാതെ സിനിമാ പ്രദർശനം റദ്ദാക്കി; പരാതിക്കാരന് 6,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

THEATER

പിവിആർ ഐനോക്സ് 6,000 രൂപ ഉപഭോക്താവിന് നൽകണമെന്നാണ് കമ്മീഷന്റെ നിർദേശം.173 രൂപയായിരുന്നു ബുക്ക്മൈഷോ വഴിയുള്ള ടിക്കറ്റ് നിരക്ക്

ഹൈദരാബാദ്: സിനിമ തുടങ്ങി പത്തുമിനിറ്റിനുള്ളിൽ പ്രദർശനം റദ്ദാക്കിയതിന് തീയേറ്റർ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. ഹൈദരാബാദിലെ ജില്ലാ ഉപഭോക്തൃ കമ്മീഷനാണ് ഹൈദരാബാദിലെ പിവിആർ ഐനോക്സ് തീയേറ്ററിനെതിരേ ഉത്തരവ് പുറപ്പെടുവിച്ചത്.

പിവിആർ ഐനോക്സ് 6,000 രൂപ ഉപഭോക്താവിന് നൽകണമെന്നാണ് കമ്മീഷന്റെ നിർദേശം.173 രൂപയായിരുന്നു ബുക്ക്മൈഷോ വഴിയുള്ള ടിക്കറ്റ് നിരക്ക്. തുടർന്ന് കൃത്യസമയത്ത് പരാതിക്കാരൻ തീയേറ്ററിലെത്തി. എന്നാൽ, ഷോ ആരംഭിച്ച് പത്തുമിനിറ്റ് പിന്നിട്ടപ്പോഴാണ് ഷോ റദ്ദാക്കുന്നതായി തീയേറ്റർ ജീവനക്കാർ അറിയിച്ചത്.

ആളുകൾ കുറവായതിനാലാണ് പ്രദർശനം റദ്ദാക്കുന്നതെന്നായിരുന്നു ജീവനക്കാരുടെ ആദ്യവിശദീകരണം. എന്നാൽ, സാങ്കേതിക തകരാർ കാരണമാണ് പ്രദർശനം റദ്ദാക്കിയതെന്ന് പിന്നീട് അറിയിച്ചു. മുന്നറിയിപ്പില്ലാതെ ഷോ റദ്ദാക്കിയത് തനിക്ക് മാനസികമായി വിഷമമുണ്ടാക്കിയെന്നും ബുദ്ധിമുട്ടായെന്നും ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

നഷ്ടപരിഹാരമായി 5000 രൂപയും നിയമവ്യവഹാരത്തിനുള്ള ചെലവുകൾക്കായി ആയിരം രൂപയും നൽകണമെന്നാണ് ഉത്തരവ്.പി. പ്രശാന്ത് എന്നയാളാണ് സിനിമ പ്രദർശനം റദ്ദാക്കിയതിൽ പിവിആർ ഐനോക്സിനെതിരേ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. 2026 ജനുവരി 26-നായിരുന്നു സംഭവം. ഹോങ്കോങ് വാരിയേഴ്സ് എന്ന തെലു​ഗു ചിത്രത്തിനാണ് പ്രശാന്ത് ബുക്ക്മൈഷോ വഴി പിവിആർ ഐനോക്സിൽ ടിക്കറ്റ് ബുക്ക് ചെയ്തത്.

സംഭവത്തിൽ ബുക്ക്മൈഷോയ്ക്കും തീയേറ്റർ അധികൃതർക്കും ആദ്യം പരാതി നൽകിയെങ്കിലും തൃപ്തികരമായ മറുപടി കിട്ടിയില്ല. ഇതോടെയാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചതെന്നായിരുന്നു പരാതിക്കാരന്റെ പ്രതികരണം. സേവനത്തിൽ വീഴ്ച വരുത്തിയതിനും മാനസികപ്രയാസത്തിനും 50,000 രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു പ്രശാന്തിന്റെ ആവശ്യം. കോടതിച്ചെലവുകൾക്കായി 25,000 രൂപയും ആവശ്യപ്പെട്ടിരുന്നു.

Tags