'പിന്നില്‍ ശാസ്ത്രീയ വശം, പടക്കത്തിന്റെ പുക അന്തരീക്ഷം ശുദ്ധീകരിക്കും'; വിചിത്രവാദവുമായി ആര്‍എസ്എസ് മേധാവി

rss

പണ്ട് പടക്കങ്ങള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചായിരുന്നില്ല നിര്‍മിച്ചതെന്നും പടക്കം പൊട്ടിക്കുമ്പോഴുള്ള പുക അന്തരീക്ഷം ശുദ്ധീകരിക്കുമായിരുന്നുവെന്നും മോഹന്‍ ഭാഗവത് വാദിച്ചു.

പരമ്പരാഗത ആഘോഷങ്ങള്‍ക്കെല്ലാം ശാസ്ത്രീയ അടിത്തറയുണ്ടെന്ന വാദവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. പണ്ടുകാലങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് വായുമലിനീകരണം കുറയ്ക്കാന്‍ വേണ്ടിയായിരുന്നു എന്നാണ് മോഹന്‍ ഭാഗവത് പറയുന്നത്. പണ്ട് പടക്കങ്ങള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചായിരുന്നില്ല നിര്‍മിച്ചതെന്നും പടക്കം പൊട്ടിക്കുമ്പോഴുള്ള പുക അന്തരീക്ഷം ശുദ്ധീകരിക്കുമായിരുന്നുവെന്നും മോഹന്‍ ഭാഗവത് വാദിച്ചു. പ്രാണികളെ കൊല്ലാനും ഇത്തരം പടക്കങ്ങളുടെ പുകയ്ക്ക് സാധിക്കുമെന്നും നാഗ്പൂരില്‍ മഹേശ്വരി പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

ചില ആളുകള്‍ തടയാന്‍ ശ്രമിച്ചാലും ഉത്സവങ്ങള്‍ അവയുടെ പരമ്പരാഗതവും 'ശുദ്ധവും പൂര്‍ണവുമായ രൂപത്തില്‍' തുടര്‍ന്നും ആഘോഷിക്കപ്പെടണമെന്ന് ഭാഗവത് പറഞ്ഞു. നെയ്യും എണ്ണയും ഉപയോഗിച്ച് ദീപങ്ങള്‍ തെളിയിക്കുന്ന പരമ്പരാഗത രീതികള്‍ അന്തരീക്ഷത്തില്‍ പ്രത്യേക തരം വായു സൃഷ്ടിക്കുന്നുണ്ടെന്നും, ഇതിനു പിന്നിലെ ശാസ്ത്രം മനസ്സിലാക്കി വേണം ഇത്തരം ആചാരങ്ങള്‍ പിന്തുടരാനെന്നും ഭാഗവത് പറഞ്ഞു. ഇത് അന്തരീക്ഷം ശുദ്ധമായി നിലനിര്‍ത്താനും ജീവിതത്തില്‍ സന്തോഷം കൊണ്ടുവരാനും സഹായിക്കുമെന്നും ആര്‍എസ്എസ് മേധാവി അവകാശപ്പെടുന്നു.


ഇത്തരം പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നത് വ്യക്തികളുടെയും സമൂഹത്തിന്റെയും മനുഷ്യരാശിയുടെയും പരിസ്ഥിതിയുടെയും സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് ആര്‍എസ്എസ് മേധാവി അഭിപ്രായപ്പെട്ടു. കൂടാതെ, ദീപാവലി ആഘോഷത്തിന് ഇന്ന് ലോകമെമ്പാടും അര്‍ഹമായ പ്രാധാന്യം ലഭിച്ചുവരികയാണെന്നും അവകാശപ്പെട്ടു.

Tags