കര്‍ണാടകയില്‍ സ്കൂള്‍ അധ്യാപികയെ വെട്ടിക്കൊന്ന ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ചു
കർണാടകയിലെ കലബുറഗിയില്‍ കമലാപുരം താലൂക്കിലെ കല്‍മൂഡ് ഗ്രാമത്തിലെ റോഡരികിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്
കലബുറഗി: സർക്കാർ സ്കൂള്‍ അധ്യാപികയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച നിലയില്‍ കണ്ടെത്തി.കലബുറഗി ആനന്ദ് കോളനി സ്വദേശിനിയായ ജ്യോതി കപാലെ ആണ് കൊല്ലപ്പെട്ടത്. കർണാടകയിലെ കലബുറഗിയില്‍ കമലാപുരം താലൂക്കിലെ കല്‍മൂഡ് ഗ്രാമത്തിലെ റോഡരികിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്
ബീദർ ജില്ലയിലെ ഭാല്‍ക്കി താലൂക്കിലുള്ള വഞ്ചാരഖേഡ സർക്കാർ സ്കൂളിലെ അധ്യാപികയായിരുന്നു ജ്യോതി. ജോലിയുടെ സൗകര്യത്തിനായി ബീദറിലായിരുന്നു താമസമെങ്കിലും ആഴ്ചയിലൊരിക്കല്‍ കലബുറഗിയിലെ വീട്ടില്‍ വരാറുണ്ടായിരുന്നു. വീട്ടില്‍ നിന്ന് തിരികെ ബീദറിലേക്ക് പോകുന്ന വഴിയാണ് അക്രമികള്‍ ഇവരെ തടഞ്ഞുനിർത്തി മാരകായുധങ്ങള്‍ കൊണ്ട് വെട്ടിക്കൊന്നത്.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹത്തില്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പോലീസ് കരുതുന്നു. കല്‍മൂഡ് ഗ്രാമത്തിലെ റോഡരികില്‍ മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. സംഭവത്തില്‍ കമലാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തിവൈരാഗ്യമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് വ്യക്തമല്ല. പ്രതികളെ കണ്ടെത്താനായി പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
.jpg)


