രാജസ്ഥാനിൽ സ്‌കൂളിന്റെ ഗേറ്റ് തൂൺ തകർന്നുവീണ് ആറ് വയസ്സുകാരന് ദാരുണാന്ത്യം, അധ്യാപകന് പരിക്ക്
ജയ്പൂർ: കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ജലവാർ ജില്ലയിൽ സ്കൂൾ കെട്ടിടം തകർന്ന് ഏഴ് കുട്ടികൾ മരിച്ച സംഭവത്തിന് പിന്നാലെ, ജയ്‌സാൽമീർ ജില്ലയിലും സമാനമായ അപകടം നടന്നിരിക്കുകയാണ്. രാംഗഡ് പ്രദേശത്തെ ഒരു സർക്കാർ സ്കൂളിന്റെ പ്രധാന ഗേറ്റിന്റെ തൂൺ തകർന്നുവീണ് ആറ് വയസ്സുകാരന്റെ ജീവനാണ് ഇന്ന് നഷ്ട്ടപ്പെട്ടത്. അപകടത്തിൽ ഒരു അധ്യാപകന് പരിക്കേൽക്കുകയും ചെയ്തു. വിദ്യാർത്ഥിയായ അർബാസ് ഖാൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് സൂപ്രണ്ട് അഭിഷേക് ശിവഹാരെ സ്ഥിരീകരിച്ചു.
അശോക് കുമാർ സോണി എന്ന അധ്യാപകനാണ് പരിക്കേറ്റത്. കനത്ത കാറ്റാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. അപകടത്തിന് പിന്നാലെ രോഷാകുലരായ കുട്ടിയുടെ കുടുംബാംഗങ്ങൾ മൃതദേഹവുമായി സ്കൂളിന് പുറത്ത് ധർണ്ണ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും, ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയും ചെയ്തു. “ജലവാർ ദുരന്തത്തിന് ശേഷം, സമാന രീതിയിൽ ഉണ്ടായ ഈ അപകടം സംസ്ഥാന സർക്കാരിനെ ആശങ്കപ്പെടുത്തേണ്ടതാണ്” ഗെലോട്ട് എക്‌സിൽ കുറിച്ചു.
.jpg)

