അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ഇടക്കാല ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

kannur vc placement  supreme court

അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ഇടക്കാല ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ പത്തരയ്ക്കാണ് വിധി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിടുക. പതിനായിരം കോടി കൂടി അധികമായി കടമെടുക്കാന്‍ അനുവദിക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം. അതുകൊണ്ടുതന്നെ കേരളത്തെ സംബന്ധിച്ചടുത്തോളം വിധി അത്രയേറെ പ്രധാന്യമുള്ളതാകും.

ഹര്‍ജിയില്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കേന്ദ്രത്തിനോടും കേരളത്തിനോടും കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇതില്‍ ഫലമില്ലാതെ വന്നതോടെയാണ് കേസില്‍ കോടതി വീണ്ടും വാദം കേട്ടത്. ഏഴ് വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ എടുത്ത അധിക കടത്തിന്റെ കണക്കുമായി ബജറ്റ് അവതരണത്തിന്റെ തലേ ദിവസം കേന്ദ്ര സര്‍ക്കാര്‍ എത്തിയതിന് പിന്നില്‍ വേറെ ലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് കേരളം വാദിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് തെറ്റായ കണക്ക് സുപ്രീം കോടതിക്ക് കൈമാറിയ കേന്ദ്ര നടപടി ഞെട്ടിച്ചുവെന്നും കേരളം സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ 2023 24 സാമ്പത്തിക വര്‍ഷത്തില്‍ ജി എസ് ഡി പി യുടെ 4.25 ശതമാനം ഇത് വരെ കടം കേരളം എടുത്തിട്ടുണ്ട് എന്നും ഇനി 25000 കോടി കൂടി കടമെടുക്കാന്‍ അനുവദിച്ചാല്‍ അത് 7 ശതമാനം കഴിയുമെന്നുമാണ് കേന്ദ്രം വാദിച്ചത്. രൂക്ഷമായ വാദപ്രതിവാദങ്ങളാണ് കോടതിയില്‍ ഹര്‍ജി സംബന്ധിച്ച് നടന്നത്. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് ഇടക്കാല ഉത്തരവ് വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യദിനമാണ് ഹര്‍ജിയില്‍ ഉത്തരവ് എത്തുന്നത്. കടമെടുപ്പ വെട്ടിക്കുറിച്ചതിനെതിരെ കേരളം നല്‍കിയ പ്രധാന ഹര്‍ജി നിലവില്‍ കോടതിയുടെ പരിഗണിനയിലാണ്.

Tags