സംഭലിന് 5000 വർഷത്തിലേറെ പഴക്കമുണ്ട്, ഇസ്‍ലാമിന് വേരോട്ടം കിട്ടുന്നതിനു മുമ്പേ അത് നിലന്നിരുന്നു : യോഗി ആദിത്യ നാഥ്


ലഖ്നോ: രേഖപ്പെടുത്തിയ ചരിത്രമനുസരിച്ച് സംഭലിന് 5000 വർഷത്തിലേറെ പഴക്കമുണ്ടെന്നും ഇസ്‍ലാമിന് വേരോട്ടം കിട്ടുന്നതിനു മുമ്പേ അത് നിലന്നിരുന്നുവെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഹരി വിഷ്ണു ക്ഷേത്രം 1526ൽ തകർക്കപ്പെട്ടതാണെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു.
ചരിത്രപരമായ സത്യത്തെ പ്രതിനിധീകരിക്കുന്നതാണ് സംഭൽ. ഇതെവിടെ പറയാനും തയാറാണെന്നും യു.പി മുഖ്യമന്ത്രി ലഖ്നോയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഭഗവാനാണ് എന്റെയും സനാതൻ ധർമത്തിന്റെയും ഐഡന്റിറ്റി. അതിൽ ഞാൻ അഭിമാനം കൊള്ളുന്നുവെന്നും യോഗി പറഞ്ഞു.
''ഞാനൊരു സന്യാസിയാണ്. എല്ലാ മതവിഭാഗങ്ങളെയും ഞാൻ ബഹുമാനിക്കുന്നു. എന്നാൽ ആരെങ്കിലും ഒരു സ്ഥലം ബലമായി കൈവശപ്പെടുത്തി ഒരാളുടെ വിശ്വാസം നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.സംഭലിൽ 68 തീർഥാടന കേന്ദ്രങ്ങളുണ്ടായിരുന്നു. ഇതുവരെ 18 എണ്ണം മാത്രമേ നമുക്ക് കണ്ടെത്താൻ കഴിഞ്ഞുള്ളൂ. സംഭലിൽ 56 വർഷത്തിനുശേഷം ഒരു ശിവക്ഷേത്രത്തിൽ ജലാഭിഷേകം നടത്തി.''-യോഗി അവകാശപ്പെട്ടു.
മഹാകുംഭമേളയെ കോൺഗ്രസ് വിമർശിച്ചതിനെ കുറിച്ചും യോഗി പരാമർശിച്ചു. എല്ലാ നല്ല സംരംഭങ്ങളെയും അവർ എതിർക്കും. 1954 ൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ നടന്ന ആദ്യ കുംഭമേളയിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായും അഴിമതിയും അരാചകത്വവും നടന്നതായും യോഗി ആരോപിച്ചു.