സുരക്ഷാ ആശങ്ക !! എയർ ഇന്ത്യയുടെ ബോയിംഗ് വിമാനങ്ങൾ പിൻവലിക്കണം; ഹർജി
ന്യൂഡൽഹി: എയർ ഇന്ത്യയുടെ കൈവശമുള്ള ബോയിംഗ് വിമാനങ്ങളിൽ സുരക്ഷാ ആശങ്കയെന്ന് പരാതി. വിമാനങ്ങളുടെ സുരക്ഷാ ഓഡിറ്റ് പൂർത്തിയാകുന്നത് വരെ ബോയിംഗ് ഫ്ലീറ്റുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടെന്ന ആക്ഷേപത്തെത്തുടർന്നാണ് അഭിഭാഷകനായ മമത റാണി സുപ്രീംകോടതിയെ സമീപിച്ചത്. സമീപകാലത്ത് എയർ ഇന്ത്യ വിമാനങ്ങളിൽ തുടർച്ചയായുണ്ടാകുന്ന സാങ്കേതിക തകരാറുകൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. സമഗ്രമായ സുരക്ഷാ പരിശോധന പൂർത്തിയാകുന്നത് വരെ ബോയിംഗ് വിമാനങ്ങൾ പറത്തുന്നത് തടയണം.
വ്യോമയാന രംഗത്തെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സ്വതന്ത്രമായ ഒരു സമിതി രൂപീകരിച്ച് വിമാനങ്ങളുടെ സാങ്കേതിക നിലവാരം പരിശോധിക്കണം. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഈ വിഷയത്തിൽ കർശനമായ മേൽനോട്ടം വഹിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അന്താരാഷ്ട്ര തലത്തിൽ തന്നെ ബോയിംഗ് വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് പലതവണ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. എയർ ഇന്ത്യയുടെ വിമാനങ്ങളിൽ പലപ്പോഴും എൻജിൻ തകരാറുകളും സാങ്കേതിക പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യുന്നത് യാത്രക്കാരെ ആശങ്കയിലാക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തിൽ കോടതിയുടെ ഇടപെടൽ അത്യാവശ്യമാണെന്ന് ഹർജിക്കാരി വാദിക്കുന്നു. നേരത്തെ വിമാനയാത്രാ നിരക്ക് വർധനയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ, രാജ്യത്തെ വ്യോമയാന മേഖലയിലെ പ്രശ്നങ്ങൾ ഗൗരവകരമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. പുതിയ ഹർജിയിൽ വരും ദിവസങ്ങളിൽ കോടതി കേന്ദ്ര സർക്കാരിന്റെയും എയർ ഇന്ത്യയുടെയും വിശദീകരണം തേടിയേക്കും.
.jpg)


