യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ചർച്ച നടത്തി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ
ന്യൂഡൽഹി: പശ്ചിമേഷ‍്യയിൽ സംഘർഷം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ചർച്ച നടത്തി. ഫോൺ സംഭാഷണത്തിലൂടെയാണ് ഇരുവരും മേഖലയിലെ സംഘർഷങ്ങളെക്കുറിച്ചും യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും ചർച്ച നടത്തിയത്.
യുദ്ധം മൂലം ഊർജ വിതരണശൃംഖലയിലുണ്ടാകാൻ സാധ്യതയുള്ള തടസങ്ങളെപ്പറ്റിയും അത് അന്താരാഷ്ട്ര വിപണിയെ എങ്ങനെ ബാധിക്കുമെന്നതിനെപ്പറ്റിയും ഇരുനേതാക്കളും ആശങ്ക പങ്കുവെച്ചു. പശ്ചിമേഷ്യയിലെ സംഘർഷം ആഗോള വിപണിയിൽ സൃഷ്ടിക്കുന്ന അനിശ്ചിതത്വവും ചർച്ചയിൽ വിഷയമായി. വരും ദിവസങ്ങളിലും വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.
നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനാൽ ഇറാന്റെ ഊർജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇറാനുമായി ഫലപ്രദമായ ചർച്ചകൾ നടന്നുവരികയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. പശ്ചിമേഷ‍്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾ ഈ ആഴ്ചയും തുടരുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം അമേരിക്കയുമായി യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്ന് അറിയിച്ച ഇറാൻ ട്രംപിൻറെ അവകാശവാദത്തെ പൂർണ്ണമായും തള്ളി. അമേരിക്കൻ പ്രസിഡൻറിൻറെ പ്രസ്താവന വ്യാജമാണെന്നും ആഗോള എണ്ണവിപണിയെ സ്വാധീനിക്കാനായി ബോധപൂർവ്വം പ്രചരിപ്പിക്കുന്ന വ്യാജവാർത്തായാണിതെന്നുമാണ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് അവകാശപ്പെട്ടത്. അമേരിക്കയും ഇസ്രായേലും നിലവിലെ പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്.
തങ്ങളുടെ രാജ്യത്തിന് നേരെ ആക്രമണം നടത്തിയവർ കടുത്ത ശിക്ഷ അർഹിക്കുന്നുണ്ടെന്നും ഇറാനിയൻ ജനതയും ഉദ്യോഗസ്ഥരും പരമോന്നത നേതാവിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഘാലിബാഫ് വ്യക്തമാക്കി. അമേരിക്ക ചർച്ചകൾ നടക്കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഇറാൻ അത് നിഷേധിക്കുന്നത് മേഖലയിലെ അനിശ്ചിതാവസ്ഥ വർധിപ്പിക്കുകയാണ്.
.jpg)


