ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പര്യടനം 9, 10 തീയതികളിൽ ഒമാൻ സന്ദർശനം നടത്തും

s jayashankar

 മസ്കത്ത്: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ജൂലൈ ഒമ്പത്, 10 തീയതികളിൽ ഒമാൻ സന്ദർശനം നടത്തുമെന്ന് മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ ഔദ്യോഗക പര്യടനത്തിന് ഞായറാഴ്ച തുടക്കമായിരുന്നു. ഞായറാഴ്ച അദ്ദേഹം ഖത്തറിലെത്തിയിരുന്നു. ജൂലൈ 15 വരെയാണ് ജയ്ശങ്കറിന്റെ വിദേശപര്യടനം.

ദോഹയിലെത്തിയ എസ്. ജയ്ശങ്കർ, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിൽ ഖത്തർ പ്രധാനമന്ത്രിക്ക് അദ്ദേഹം ഇന്ത്യയുടെ നന്ദിയറിയിച്ചു.

ഊർജം, വ്യാപാരം, നിക്ഷേപങ്ങൾ, കണക്റ്റിവിറ്റി, സുരക്ഷ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവക്ക് പ്രത്യേക ഊന്നൽ നൽകി, ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ വശങ്ങൾ അവലോകനം ചെയ്തതായും ഇരുരാജ്യങ്ങളും തമ്മിലെ തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള പുതിയ സാധ്യതകൾ ചർച്ച ചെയ്തതായും ജയ്ശങ്കർ എക്സ് പോസ്റ്റിൽ അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചും അതിന്റെ ആഘാതങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലുകൾ പങ്കുവെച്ചതിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറിനുപിന്നാലെ, ഇന്ത്യൻ വിദേശകാര്യമന്ത്രി ബഹ്റൈൻ സന്ദർശിക്കും. തുടർന്ന്, ജൂലൈ ഏഴു മുതൽ ഒമ്പതു വരെ കുവൈത്തിലും ജൂലൈ ഒമ്പത്, 10 തീയതികളിൽ ഒമാനിലും സന്ദർശനം നടത്തും. യു.എസ്-ഇറാൻ സമാധാന ചർച്ചകളുടെയും വെടിനിർത്തൽ ശ്രമങ്ങളുടെയും പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയാണ് ജയ്ശങ്കറിന്റെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഈ രാജ്യങ്ങളിലെ ഭരണനേതൃത്വങ്ങളുമായും വിദേശകാര്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും.

ഗൾഫ് പര്യടനത്തിന് ശേഷം ജൂലൈ 13-ന് ജയ്ശങ്കർ ന്യൂയോർക്കിലെത്തും. 2028-29 കാലയളവിലേക്കുള്ള ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലെ (യു.എൻ.എസ്.സി) ഇന്ത്യയുടെ താൽക്കാലിക അംഗത്വത്തിനായുള്ള ഔദ്യോഗിക പ്രചാരണത്തിന് അദ്ദേഹം യു.എസിൽ തുടക്കം കുറിക്കും. സന്ദർശനത്തിന്റെ അവസാന ദിവസങ്ങളായ ജൂലൈ 14, 15 തീയതികളിൽ അദ്ദേഹം ബ്രസൽസ് സന്ദർശിക്കും. മൂന്നാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്ന അദ്ദേഹം, ബെൽജിയം വിദേശകാര്യമന്ത്രിയുമായും യൂറോപ്യൻ യൂനിയൻ പ്രതിനിധികളുമായും ചർച്ച നടത്തും.

യു.എസ്-ഇറാൻ സമാധാന ചർച്ചകളുടെയും വെടിനിർത്തൽ ശ്രമങ്ങളുടെയും പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയാണ് ജയ്ശങ്കറിന്റെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.അടുത്തിടെ, ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥതയിൽ യു.എസും ഇറാനും തമ്മിലുള്ള ചർച്ചകൾ പൂർത്തിയായിരുന്നു. യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഖത്തർ തലസ്ഥാനമായ ദോഹയിൽ പരോക്ഷ ചർച്ചകൾ പുനരാരംഭിക്കാനിരിക്കുകയാണ്.

ഹുർമുസ് കടലിടുക്കിലെ യുദ്ധസമാനമായ അന്തരീക്ഷം ഇന്ത്യയുടെ ഇന്ധനവിലയെ ബാധിച്ച സാഹചര്യത്തിൽ ഈ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ-സാമ്പത്തിക പ്രാധാന്യമുണ്ട്. ഈ പശ്ചാത്തലത്തിൽ, യു.എസ്-ഇറാൻ സമാധാന ചട്ടക്കൂടുമായി ബന്ധപ്പെട്ട നിലവിലെ അവസ്ഥ മനസ്സിലാക്കുന്നതിലായിരിക്കും ജയശങ്കറിന്റെ സന്ദർശനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളുമായെല്ലാം ഇന്ത്യക്ക് ശക്തമായ ഊർജ വ്യാപാര ബന്ധം നിലനിൽക്കുന്നുണ്ട്. 

Tags