റഷ്യയിൽ നിന്ന് കൂടുതൽ എസ്-400 മിസൈൽ സംവിധാനങ്ങൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യ
ന്യൂഡൽഹി: കഴിഞ്ഞവർഷം പാകിസ്താനെതിരെ നടന്ന 'ഓപ്പറേഷൻ സിന്ദൂറി'ൽ കൈവരിച്ച വൻ വിജയത്തിന് പിന്നാലെ, റഷ്യയിൽ നിന്ന് കൂടുതൽ 'എസ്-400 ട്രയംഫ്' (S-400 Triumf) വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ ചർച്ചകൾ ആരംഭിച്ചു. അത്യാധുനിക മിസൈൽ പ്രതിരോധ പ്ലാറ്റ്‌ഫോമിന്റെ പുതിയ ബാച്ചുകൾ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റഷ്യൻ ഫെഡറൽ സർവീസ് ഫോർ മിലിട്ടറി-ടെക്നിക്കൽ കോപ്പറേഷൻ (FSVTS) സ്ഥിരീകരിച്ചു.
റഷ്യൻ സർക്കാർ മാധ്യമമായ 'ആർ.ടി ഇന്ത്യ' എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ, ഓപ്പറേഷൻ സിന്ദൂറിനിടെ എസ്-400 അതിന്റെ കരുത്ത് തെളിയിച്ചതായും, ഇതേത്തുടർന്നാണ് 2018ലെ കരാർ പ്രകാരമുള്ള അഞ്ച് റീജുമെന്റുകൾക്ക് പുറമെ കൂടുതൽ സംവിധാനങ്ങൾ സ്വന്തമാക്കാൻ ഇന്ത്യ താല്പര്യം പ്രകടിപ്പിച്ചതെന്നും വ്യക്തമാക്കുന്നു.
അധികമായി അഞ്ച് എസ്-400 റീജുമെന്റ് സംവിധാനങ്ങൾ കൂടി സംഭരിക്കുന്നതിനുള്ള പദ്ധതികൾക്ക് ഇന്ത്യയുടെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) അംഗീകാരം നൽകിയതായാണ് റിപ്പോർട്ടുകൾ. 2018ൽ ഒപ്പുവെച്ച 5.4 ബില്യൺ ഡോളറിന്റെ പഴയ കരാർ പ്രകാരമുള്ള മിസൈലുകളുടെ വിതരണം റഷ്യ പൂർത്തിയാക്കുന്നതിനൊപ്പമാണ് പുതിയ ചർച്ചകളും നടക്കുന്നത്.
പഴയ കരാറിലെ ആദ്യത്തെ മൂന്ന് എസ്-400 സംവിധാനങ്ങൾ 2023ഓടെ റഷ്യ ഇന്ത്യക്ക് കൈമാറിയിരുന്നു. ഇവ ഇന്ത്യയുടെ പടിഞ്ഞാറൻ, വടക്കൻ അതിർത്തികളിൽ വിന്യസിച്ചിട്ടുമുണ്ട്. എന്നാൽ റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് ബാക്കി രണ്ട് സംവിധാനങ്ങളുടെ വിതരണം വൈകിയിരുന്നു. നിലവിൽ ഈ തടസ്സങ്ങൾ നീങ്ങിയതായും വിതരണം കൃത്യസമയത്ത് തന്നെ നടക്കുന്നുണ്ടെന്നും FSVTS മേധാവി ദിമിത്രി ഷുഗയേവ് വ്യക്തമാക്കി.
.jpg)

