കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ നവീകരണം, അറ്റകുറ്റപ്പണി: ഒരുവര്‍ഷം ചെലവഴിച്ചത് 92.35 കോടി രൂപ
2014 മുതല്‍ ഇതുവരെ അറ്റകുറ്റപ്പണികള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് 2025-26 വര്‍ഷത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരുവര്‍ഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 92.35 കോടി രൂപ ചെലവഴിച്ചതായി റിപ്പോര്‍ട്ട്. 2025-26 വര്‍ഷത്തിലാണ് ഇത്രയും തുക മന്ത്രിമാരുടെ വസതികളുടെ അറ്റകുറ്റപ്പണികള്‍ക്കായി ചെലവഴിച്ചത്. 2014-15 മുതല്‍ 2025-26 വരെ പത്തുവര്‍ഷത്തിനിടെ ആകെ 547.68 കോടി രൂപയാണ് മന്ത്രിമാരുടെ വസതികളുടെ നവീകരണത്തിനായി ചെലവഴിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തില്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ചെയ്തത്.
ഡല്‍ഹി ലൂട്ട്യന്‍സ് ബംഗ്ലാവ് മേഖലയിലുള്ള മന്ത്രിമാരുടെ വസതികളിലാണ് ഇത്രയും തുക ചെലവഴിച്ച് അറ്റകുറ്റപ്പണികള്‍ നടത്തിയത്. സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മുഖേനയാണ് അറ്റകുറ്റപ്പണികള്‍ക്കുള്ള പണം നല്‍കിയത്. 2014 മുതല്‍ ഇതുവരെ അറ്റകുറ്റപ്പണികള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് 2025-26 വര്‍ഷത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പണപ്പെരുപ്പവും പഴയ കെട്ടിടങ്ങളുടെ പരിപാലനച്ചെലവ് ഉയര്‍ന്നതുമാണ് ഇത്രയും തുക ചെലവായതിന്റെ കാരണമായി അധികൃതര്‍ പറയുന്നത്. മിക്ക വസതികളും 80 മുതല്‍ 100 വര്‍ഷം വരെ പഴക്കമുള്ള ബംഗ്ലാവുകളാണ്. ചോര്‍ച്ച, ചിതല്‍ശല്യം, ഇലക്ട്രിക്കല്‍ സംവിധാനങ്ങളുടെ തകരാറുകള്‍, പ്ലംബിങ് തകരാറുകള്‍ തുടങ്ങിയവ വര്‍ഷങ്ങളായി ഇവിടെയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
.jpg)

