കുലശേഖരപട്ടണത്തുനിന്ന് അടുത്ത വർഷം റോക്കറ്റ് വിക്ഷേപണം ആരംഭിക്കും: ഐ.എസ്.ആർ.ഒ. ചെയർമാൻ

Rocket launches will begin from Kulasekarapatnam next year: ISRO Chairman

ചെന്നൈ: തമിഴ്‌നാട്ടിലെ കുലശേഖരപട്ടണം ബഹിരാകാശ നിലയത്തിൽ നിന്നുള്ള റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം ആരംഭിക്കുമെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ വി. നാരായണൻ അറിയിച്ചു. വിക്ഷേപണത്തറയുടെ നിർമാണ പ്രവർത്തനങ്ങൾ വിജയകരമായി പുരോഗമിക്കുകയാണ്. ചെന്നൈയിലെ പെരിയാർ സയൻസ് ആൻഡ് ടെക്നോളജി സെന്ററിൽ മുൻ സോവിയറ്റ് യൂണിയൻ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിന്റെ പ്രതിമ അനാച്ഛാദനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട് സർക്കാർ ഏറ്റെടുത്ത് നൽകിയ 2,300 ഏക്കർ ഭൂമിയിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രമായ തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്തിന് 2024 ഫെബ്രുവരി 28-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്.

ആദ്യ മനുഷ്യ ബഹിരാകാശ യാത്രയുടെ 65-ാം വാർഷികത്തോടനുബന്ധിച്ച് നിർമ്മിച്ച യൂറി ഗഗാറിന്റെ പൂർണകായ പ്രതിമയുടെ അനാച്ഛാദന ചടങ്ങിൽ റഷ്യൻ കോൺസൽ ജനറൽ വലേരി ഖോഡ്ഷേവ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഷൺമുഖസുന്ദരം എന്നിവരും പങ്കെടുത്തു. ഗഗൻയാൻ ദൗത്യത്തിൽ ഉൾപ്പെടെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾക്ക് റഷ്യ നൽകുന്ന പിന്തുണയ്ക്ക് നാരായണൻ നന്ദി അറിയിച്ചു. ഈ സ്മാരകം വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെയുണ്ടായ ശക്തമായ മഴയുടെ പ്രവചനവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, കാലാവസ്ഥാ പ്രവചനത്തിന്റെ പ്രധാന ചുമതല ഭൗമശാസ്ത്ര മന്ത്രാലയത്തിൻ കീഴിലുള്ള കാലാവസ്ഥാ വകുപ്പിനാണെന്നും, ഉപഗ്രഹങ്ങൾ വഴി ആവശ്യമായ വിവരങ്ങൾ നൽകുകയാണ് ഐ.എസ്.ആർ.ഒ. ചെയ്യുന്നതെന്നും വി. നാരായണൻ വ്യക്തമാക്കി.

Tags