റിട്ടയേഡ് അധ്യാപകൻറെ വീട്ടിൽ റെയ്ഡ് ; പിടികൂടിയത് 24 ഗാർഹിക എൽപിജി സിലിണ്ടറുകൾ

lpg

 ഭോപ്പാൽ: റിട്ടയേഡ് അധ്യാപകൻറെ വീട്ടിൽ നടത്തിയ റെയ്ഡിൽ 24 ഗാർഹിക എൽപിജി സിലിണ്ടറുകൾ പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മധ്യപ്രദേശിലെ ഛത്തർപൂരിലെ വിശ്വനാഥ് കോളനിയിലാണ് സംഭവം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ കിട്ടാനില്ലെന്ന് പരാതി ഉയർന്നിരുന്നു. അതിനിടെയാണ് നാട്ടുകാർ അഹിർവാർ സർ എന്ന് വിളിക്കുന്ന റിട്ടയേഡ് അധ്യപകൻ വീട്ടിൽ ധാരാളം ഗാർഹിക എൽപിജി സിലിണ്ടറുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്.

tRootC1469263">

വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി തന്നെ അധ്യാപകൻറെ വീട്ടിൽ റെയ്ഡ് നടത്തി. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം), തഹസിൽദാർ, കോട്‌വാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എന്നിവരാണ് സ്ഥലത്തെത്തിയത്. പരിശോധനയിൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 25 ഗാർഹിക എൽ പി ജി സിലിണ്ടറുകൾ കണ്ടെത്തി. ഇതിൽ 22 സിലിണ്ടറുകൾ കാലിയായിരുന്നു, മൂന്ന് സിലിണ്ടറുകൾ ഗ്യാസ് നിറച്ച നിലയിലായിരുന്നു. തുടർന്ന് വീട്ടിൽ നിന്ന് സിലിണ്ടറുകൾ പിടിച്ചെടുക്കാനുള്ള നടപടികൾ ആരംഭിച്ചു.

ഇത്രയും എണ്ണം ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ വീട്ടിൽ സൂക്ഷിക്കുന്നത് നിയമ വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കരിഞ്ചന്തയിൽ വിൽക്കാനാണോ ഇത്രയും സിലിണ്ടറുകൾ വീട്ടിൽ സൂക്ഷിച്ചതെന്ന് അന്വേഷണം നടത്തും. എവിടെ നിന്നാണ് ഇത്രയും സിലിണ്ടറുകൾ കൊണ്ടുവന്നതെന്നും അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ സിലിണ്ടറുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗ്യാസ് ഏജൻസികളിൽ നിന്നും തേടും.

നിയമവിരുദ്ധ സംഭരണമോ കരിഞ്ചന്തയോ സ്ഥിരീകരിച്ചാൽ, അവശ്യവസ്തു നിയമത്തിലെ വ്യവസ്ഥകൾ ഉൾപ്പെടെയുള്ള പ്രസക്തമായ നിയമങ്ങൾ പ്രകാരം കർശന നടപടി സ്വീകരിക്കാവുന്നതാണ്. ഇക്കാര്യം അന്വേഷിക്കുകയാണെന്നും അന്വേഷണം പൂർത്തിയായ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Tags