പഹൽഗാം ഭീകരാക്രമണക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി ; വിരമിച്ച അഭിഭാഷകനിൽനിന്ന് തട്ടിയത് നാല് കോടി

Cyber ​​crime

 ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി അമേരിക്കയിൽനിന്നുള്ള വിരമിച്ച അഭിഭാഷകനായ അതുൽ തൽവാറിൽനിന്ന് സൈബർ തട്ടിപ്പുകാർ നാല് കോടി രൂപ തട്ടിയെടുത്തു. സി.ബി.ഐ, എൻ.ഐ.എ ഉദ്യോഗസ്ഥരെന്ന വ്യാജേന ഏകദേശം 20 ദിവസത്തോളം ഓൺലൈൻ നിരീക്ഷണത്തിലാക്കിയ ശേഷമാണ് സംഘം തട്ടിപ്പ് നടത്തിയത്.

ഡൽഹി സ്വദേശിയായ അതുൽ തൽവാർ 1982ലാണ് ന്യൂയോർക്കിലേക്ക് താമസം മാറിയത്. തുടർന്ന് മൂന്ന് പതിറ്റാണ്ടോളം തൊഴിലാളി യൂണിയനുകൾക്കുവേണ്ടി നിയമപോരാട്ടങ്ങൾ നടത്തിയശേഷം വിരമിക്കുകയായിരുന്നു. ജൂലൈ 31ന് ഇന്ത്യയിലെത്തിയ അദ്ദേഹം ഗുരുഗ്രാമിൽ സഹോദരനൊപ്പം താമസിച്ച് നോയിഡ സെക്ടർ 30ലെ തറവാട്ടുവീടിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചുവരുന്നതിനിടെയാണ് തട്ടിപ്പിനിരയായത്.

ഒക്ടോബർ 17നാണ് മുംബൈയിലെ കൊളാബ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പുസംഘം തൽവാറിനെ ആദ്യം ബന്ധപ്പെട്ടത്. അദ്ദേഹത്തിന്റെ ആധാർ കാർഡ് പഹൽഗാം ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് കണ്ടെത്തിയെന്നും ആധാർ വിവരങ്ങൾ ഉപയോഗിച്ച് കാനറ ബാങ്കിൽ ആരംഭിച്ച അക്കൗണ്ട് വഴി 53 കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും സംഘം ആരോപിച്ചു. ഇതിന്റെ ഭാഗമായി അഞ്ച് കോടി രൂപ കമ്മീഷനായി ലഭിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടു.

ആരോപണങ്ങൾ നിഷേധിച്ചതോടെ മറ്റൊരാൾ ഫോണിൽ വിളിച്ച് ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് സി.ബി.ഐ അസിസ്റ്റന്റ് ഡയറക്ടറുടെ പേരിലുള്ള വ്യാജ രഹസ്യക്കത്തും വാട്സ്ആപ്പിലൂടെ അയച്ചുനൽകി. പിന്നീട് ഓഡിയോ, വീഡിയോ കോളുകളിലൂടെ തൽവാറിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ തുടങ്ങി. ഒക്ടോബർ 18ന് വീടിന് സമീപത്തുനിന്ന് ഭീകരബന്ധമുള്ള രണ്ട് ആയുധധാരികളെ അറസ്റ്റ് ചെയ്യുന്ന വ്യാജ ദൃശ്യങ്ങൾ കാണിച്ച് ഭീതിയിലാക്കുകയും ചെയ്തു.

ഒക്ടോബർ 19ന് സി.ബി.ഐ, എൻ.ഐ.എ ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോളിലൂടെ ഓൺലൈൻ വിചാരണ ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കിയ സംഘം, സിറ്റി ബാങ്കിലെ റിട്ടയർമെന്റ് അക്കൗണ്ടിലുണ്ടായിരുന്ന ഏകദേശം 3.8 ലക്ഷം ഡോളർ പിൻവലിച്ച് കൈമാറാൻ ആവശ്യപ്പെട്ടു. മറ്റ് രണ്ട് ബ്രോക്കറേജ് അക്കൗണ്ടുകളിൽനിന്ന് പണം മാറ്റുന്നതിനായി വ്യാജ ഐ.ടി വിദഗ്ധന്റെ സഹായവും ഇവർ തേടി. ഇതിനുപുറമെ ഓൺലൈൻ ക്രിപ്റ്റോകറൻസി അക്കൗണ്ട് ആരംഭിക്കാനും നിർദേശിച്ചു.

നികുതിയിനത്തിൽ 1.5 കോടി രൂപയും എതേറിയം ക്രിപ്റ്റോകറൻസി വഴി 2.5 കോടി രൂപയും ഉൾപ്പെടെ നവംബർ ഏഴിനകം ഏകദേശം നാല് കോടി രൂപയാണ് തൽവാറിന് നഷ്ടമായത്. അന്വേഷണം പൂർത്തിയാകുമ്പോൾ പണം തിരികെ നൽകാമെന്ന് തട്ടിപ്പുകാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ നവംബർ ഏഴ് കഴിഞ്ഞിട്ടും പണം ലഭിക്കാതിരിക്കുകയും സംഘം ബന്ധപ്പെടുന്നത് അവസാനിപ്പിക്കുകയും ചെയ്തതോടെയാണ് താൻ തട്ടിപ്പിനിരയായതായി അദ്ദേഹം തിരിച്ചറിഞ്ഞത്.

തുടർന്ന് ഗൗതം ബുദ്ധ് നഗർ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നവംബർ 11ന് ന്യൂയോർക്കിലേക്ക് മടങ്ങിയ അദ്ദേഹം അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയിലും പരാതി സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് സൈബർ സുരക്ഷാ ഡി.സി.പി ശൈവ്യ ഗോയൽ അറിയിച്ചു.‌‌

Tags