വെസ്റ്റ് ബംഗാളിന്റെ പേര് 'പശ്ചിം ബംഗ' എന്നാക്കാൻ പ്രമേയം; ഡിസംബർ ഒമ്പതിന് നിയമസഭയിൽ അവതരിപ്പിക്കും

Resolution to rename West Bengal as 'Paschim Banga'; to be presented in the Assembly on December 9

കൊൽക്കത്ത: വെസ്റ്റ് ബംഗാളിന്റെ പേര് ഇംഗ്ലീഷിലും 'പശ്ചിം ബംഗ' (Paschim Banga) എന്നാക്കി മാറ്റാനുള്ള പ്രമേയം അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. ഡിസംബർ നാലിന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിൽ ഡിസംബർ ഒമ്പതിനായിരിക്കും പ്രമേയം സഭയിൽ വെക്കുക. സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിയമസഭ പ്രമേയം പാസാക്കിയ ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിക്കായി അയക്കും. അക്ഷരമാലാ ക്രമത്തിൽ ഇംഗ്ലീഷിൽ 'W' എന്നതിൽ തുടങ്ങുന്നതിനാൽ ദേശീയ യോഗങ്ങളിൽ സംസാരിക്കാൻ അവസാനം അവസരം ലഭിക്കുന്നത് അടക്കമുള്ള ഭരണപരമായ ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് പുതിയ നീക്കം.

സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള നീക്കം നേരത്തെ ഇടതുപക്ഷ സർക്കാരിന്റെ കാലത്തും മമത ബാനർജി സർക്കാരിന്റെ കാലത്തും ഉണ്ടായിരുന്നുവെങ്കിലും കേന്ദ്ര അനുമതി ലഭിക്കാത്തതിനാൽ പൂർത്തിയായിരുന്നില്ല. 'ബംഗ്ല' എന്ന പേര് നിർദ്ദേശിച്ചപ്പോൾ ബംഗ്ലാദേശുമായി സാമ്യമുള്ളതിനാൽ ആശയക്കുഴപ്പമുണ്ടാകുമെന്ന നിലപാടും വിവാദങ്ങളും ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ എല്ലാ ഭാഷകളിലും 'പശ്ചിം ബംഗ' എന്ന പേര് തന്നെ നിലനിർത്താനാണ് ഇപ്പോഴത്തെ തീരുമാനം. സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ പാർട്ടി അധികാരത്തിലുള്ളതിനാൽ ഇത്തവണ അനുമതി എളുപ്പത്തിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ.

Tags