റെസിഡൻഷ്യൽ കെട്ടിടത്തിൽ ലിഫ്റ്റിൽ കുടുങ്ങി ഏഴു വയസുകാരന് ദാരുണാന്ത്യം

lift

 മഹാരാഷ്ട്ര : പൂനെയിലെ  ഷിൻഹാഗാദ് റോഡ് ഏരിയയിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ ലിഫ്റ്റിൽ കുടുങ്ങി ഏഴു വയസുകാരന് ദാരുണാന്ത്യം. നിമ്പാജിനഗറിലെ റിദ്ദി സിദ്ദി അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന ശിവാൻസ് ശൈലേഷ് ദത്ത് എന്ന കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ഹൗസിങ് സൊസൈറ്റി പരിസരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി, ഇതിനിടയിൽ തനിയെ ലിഫ്റ്റിൽ കയറുകയായിരുന്നു. ലിഫ്റ്റിലെ ബട്ടൺ അമർത്തിയതിനെ തുടർന്ന് ലിഫ്റ്റ് ചലിച്ചു തുടങ്ങിയെങ്കിലും മൂന്നാം നിലയിലേക്ക് എത്തുന്നതിനിടയിൽ പെട്ടെന്ന് നിന്നുപോവുകയായിരുന്നു. തുടർന്ന് പുറത്തിറങ്ങാനാകാതെ ഒന്നര മണിക്കൂറോളമാണ് കുട്ടി ഉള്ളിൽ കഴിഞ്ഞത്.

രാത്രി 11.30-ഓടെ വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സും സംഭവസ്ഥലത്തെത്തി ലിഫ്റ്റ് തകർത്ത് കുട്ടിയെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും കുട്ടി പൂർണ്ണമായും ബോധരഹിതനായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘനേരം വായുസഞ്ചാരമില്ലാത്ത അടഞ്ഞ സ്ഥലത്ത് കുടുങ്ങിക്കിടന്നതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags