21 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം ; ഹരിയാനയിൽ 220 അടി ആഴമുള്ള കുഴൽക്കിണറിൽ വീണ നാല് വയസ്സുകാരൻ മരിച്ചു

21-hour rescue operation fails; 4-year-old boy dies after falling into 220-feet deep borewell in Haryana

 ചണ്ഡീഗഡ്: ഹരിയാനയിലെ അംബാല ജില്ലയിൽ 220 അടി ആഴമുള്ള കുഴൽക്കിണറിൽ വീണ നാല് വയസ്സുകാരൻ മരിച്ചതായി അധികൃതർ അറിയിച്ചു. നിർവൈർ സിങ്ങാണ് മരിച്ചത്. ബരാരക്ക് കീഴിലെ ധനോറ ഗ്രാമത്തിലാണ് സംഭവം.21 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ബുധനാഴ്ച പുലർച്ചെ കുട്ടിയെ കുഴൽക്കിണറിൽനിന്ന് പുറത്തെടുത്ത ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 6.30ഓടെ നിർവൈർ പിതാവ് മഞ്ജിത്തിനൊപ്പം മുത്തച്ഛനായ കർണൈൽ സിങ്ങിന് പ്രഭാത ഭക്ഷണം നൽകുന്നതിനായി വയലിലേക്ക് പോകുകയായിരുന്നു. തുടർന്ന്, വയലിൽ കുഴൽക്കിണറിന് സമീപം നിന്ന് കളിക്കുന്നതിനിടെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്.

സംഭവത്തെ തുടർന്ന് എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, സൈന്യം, അഗ്നിരക്ഷാസേന എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. സമാന്തര കുഴി കുഴിച്ചും പ്രത്യേക ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷിച്ചും കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ അധികൃതർ, തുറന്ന നിലയിൽ ഉപേക്ഷിച്ച കുഴൽക്കിണറുകളുടെ ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. അപകടം നടന്ന കുഴൽക്കിണർ തുറന്നിട്ടതുമായി ബന്ധപ്പെട്ട സംഭവത്തിലും അന്വേഷണം നടത്തുന്നുണ്ട്.

രാജ്യത്ത് തുറന്നുകിടക്കുന്നതോ ഉപയോഗശൂന്യമായി ഉപേക്ഷിച്ചതോ ആയ കുഴൽക്കിണറുകളിൽ കുട്ടികൾ വീഴുന്ന അപകടങ്ങൾ നിരവധി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 10 വയസ്സിൽ താഴെയുള്ള കുട്ടികളാണ് അപകടത്തിൽ പെടുന്നവരിൽ അധികവും.

കുഴൽക്കിണർ അപകടങ്ങൾ തടയാൻ 2010ൽ സുപ്രീംകോടതി കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. കുഴൽക്കിണർ കുഴിക്കുന്നതിന് മുൻകൂർ അനുമതി, നിർമാണസമയത്ത് വേലികെട്ടൽ, ശക്തമായ മൂടി സ്ഥാപിക്കൽ, ഉപയോഗശൂന്യമായ ബോർവെല്ലുകൾ മണ്ണും കല്ലും നിറച്ച് പൂർണമായും അടക്കൽ എന്നിവ നിർബന്ധമാക്കിയിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ പല സ്ഥലങ്ങളിലും കർശനമായി നടപ്പാക്കാക്കിയിട്ടില്ലത് അപകടങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നുണ്ട്.  

Tags