രാജ്യത്തെ റിഫൈനറികൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്, മതിയായ ഇന്ധന ശേഖരമുണ്ട് ; പരിഭ്രാന്തരായി വാങ്ങിക്കൂട്ടരുതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലം
ന്യൂഡൽഹി: രാജ്യത്തെ റിഫൈനറികൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ ശേഖരം രാജ്യത്തുടനീളം ലഭ്യമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലം. ചില സംസ്ഥാനങ്ങളിൽ ഇന്ധനക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിച്ച കിംവദന്തികൾ കാരണം ഇന്ധന സ്റ്റേഷനുകളിൽ അസാധാരണമായ തിരക്ക് അനുഭവപ്പെട്ടതാണ്.
ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നും സർക്കാർ അഭ്യർഥിച്ചു. ആഭ്യന്തര വിപണിയിൽ ഇന്ധനലഭ്യത വർധിപ്പിക്കുന്നതിന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചു. ഇതിനുപുറമെ ഡീസൽ കയറ്റുമതിക്ക് ലിറ്ററിന് 21.50 രൂപയും വിമാന ഇന്ധനത്തിന് 29.50 രൂപയും കയറ്റുമതി തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്.
ഗ്യാസ് മേഖലയിൽ ഗാർഹിക ആവശ്യങ്ങൾക്കും ഗതാഗതത്തിനുമാണ് പ്രഥമ പരിഗണന നൽകുന്നത്. പൈപ്പ്ഡ് നാച്വറൽ ഗ്യാസിനും സി.എൻ.ജിക്കും 100 ശതമാനം വിഹിതം അനുവദിച്ചപ്പോൾ, വ്യവസായ മേഖലക്ക് ശരാശരി ഉപഭോഗത്തിന്റെ 80 ശതമാനവും വളം നിർമാണ ശാലകൾക്ക് 70-75 ശതമാനവും വിതരണം ഉറപ്പാക്കിയിട്ടുണ്ട്.
കൂടുതൽ എൽ.എൻ.ജി കാർഗോകൾ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുവെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. മാർച്ചിൽ മാത്രം 2,90,000 പുതിയ പി.എൻ.ജി കണക്ഷനുകൾ നൽകിയിട്ടുണ്ട്. പ്രതിദിനം 55 ലക്ഷത്തിലധികം സിലിണ്ടറുകൾ വിതരണം ചെയ്യുന്നു. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി വിതരണം പഴയ നിലയുടെ 70 ശതമാനത്തിലേക്ക് എത്തിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ രാജ്യവ്യാപകമായി 2900 റെയ്ഡുകൾ നടത്തി ആയിരത്തോളം സിലിണ്ടറുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
.jpg)


