എൻ.ടി.എ-യിൽ ഓഫീസ് അസിസ്റ്റന്റ് നിയമനം; ഡിസംബർ 10 വരെ അപേക്ഷിക്കാം
നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 15 ഒഴിവുകളാണുള്ളത്. ബിരുദയോഗ്യതയുള്ള, 50 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഡിസംബർ 10 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. എംഎസ് വേഡ്, എംഎസ് എക്സൽ, പവർപോയിന്റ്, ഇമെയിൽ, ഇന്റർനെറ്റ് അധിഷ്ഠിത ആപ്ലിക്കേഷനുകൾ എന്നിവ ഉപയോഗിക്കുന്നതിൽ പരിജ്ഞാനമുണ്ടായിരിക്കണം. ഇംഗ്ലീഷിലും ഹിന്ദിയിലും നന്നായി എഴുതാനും ആശയവിനിമയം നടത്താനും കഴിയണം.
ഓഫീസ് അഡ്മിനിസ്ട്രേഷൻ, ക്ലറിക്കൽ ജോലികൾ, ഡാറ്റാ എൻട്രി, ഫയൽ മാനേജ്മെന്റ്, സെക്രട്ടേറിയൽ അസിസ്റ്റൻസ് എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഇ-ഓഫീസ്, ഡിജിറ്റൽ റെക്കോർഡ് മാനേജ്മെന്റ് എന്നിവയിലെ പരിചയവും അഭികാമ്യമാണ്.
ജോലിയുടെ ചുമതലകൾ
ഓഫീസ് ഭരണപരവും ക്ലറിക്കൽ സംബന്ധവുമായ ജോലികൾ, ഡാറ്റാ എൻട്രി, ഫയൽ ക്രമീകരണം, കത്തിടപാടുകൾ, റിപ്പോർട്ട് തയ്യാറാക്കൽ എന്നിവയാണ് പ്രധാന ചുമതലകൾ. മീറ്റിങ്ങുകൾ, പരീക്ഷാ ക്രമീകരണങ്ങൾ എന്നിവയിലും സഹായിക്കേണ്ടതുണ്ട്.
ശമ്പളം
ഏഴാം കേന്ദ്ര ശമ്പള കമ്മിഷനിലെ പേ ലെവൽ 4-ന് തുല്യമായ ശമ്പളം ലഭിക്കും. കൃത്യമായ തുകയും മറ്റ് ആനുകൂല്യങ്ങളും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.
അപേക്ഷിക്കേണ്ട വിധം
നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോം, വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഇമെയിൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
ഇമെയിൽ: recruitment@nta.ac.in
.jpg)

